സ്റ്റാലിന്‍ വിളിച്ചു, ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു; പൂര്‍ത്തിയാക്കാനുള്ളത് ഓരേയൊരു നടപടി

രാജ്യത്തെ ഉത്പാദനവും വില്‍പ്പനയും അവസാനിപ്പിച്ച് മടങ്ങിയ യു.എസ്. വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്സ് ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തും. ചെന്നൈയ്ക്കടുത്ത് മറൈമലൈ നഗറിലെ നിര്‍മാണപ്ലാന്റ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാവുന്നതായി കമ്പനി അറിയിച്ചു.
നികുതിനിരക്കുകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അധികൃതരുമായി അവസാനഘട്ടചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും. മറൈമലൈ നഗറിലെ 350 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാന്‍ അനുമതി തേടി കമ്പനി നേരത്തേ തമിഴ്നാട്‌സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
രണ്ടാംവരവില്‍ വൈദ്യുതകാറുകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. കയറ്റുമതിക്കുള്ള വാഹനങ്ങളാകും കൂടുതലായി നിര്‍മിക്കുക. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തും. നേരത്തേ 830 കോടി രൂപയ്ക്ക് ചെന്നൈ പ്ലാന്റ് വില്‍ക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചെങ്കിലും പിന്നീട് കരാര്‍ റദ്ദാക്കുകയായിരുന്നു.
ഏതാനുംമാസംമുന്‍പ് നിക്ഷേപസമാഹരണത്തിന് യു.എസിലെത്തിയപ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കമ്പനിയെ തമിഴ്നാട്ടിലേക്ക് വീണ്ടും ക്ഷണിച്ചിരുന്നു. 2021-ലാണ് ഫോര്‍ഡ് ഇന്ത്യയില്‍നിന്ന് പിന്മാറിയത്. അപ്പോഴും രാജ്യത്തെ വിപണിയില്‍നിന്ന് പൂര്‍ണമായും മാറിനിന്നിട്ടില്ല.
ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങളുടെ കയറ്റുമതിയും എന്‍ജിനുകളുടെ നിര്‍മാണവും മൂലം കമ്പനി ലാഭവും നേടി. ഫിഗോ അടക്കമുള്ള കാറുകള്‍ നിര്‍മിച്ചിരുന്ന ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫാക്ടറി ടാറ്റ മോട്ടോഴ്‌സിന് നേരത്തേ ഫോര്‍ഡ് വിറ്റിരുന്നു.
Content Highlights: Ford Motors is returning to India-restarting its Chennai plant and focusing on electric vehicles