ആരാധകരെ ശാന്തരാകുവിന്‍... എന്‍ഡവര്‍ എസ്.യു.വി. ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ഫോര്‍ഡ്‌

പ്രതീകാത്മക ചിത്രം | Photo: ford.com.ph
പ്രതീകാത്മക ചിത്രം | Photo: ford.com.ph

ഇന്ത്യന്‍ വാഹന വിപണിയോട് വിടപറഞ്ഞ അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിനെ ആളുകള്‍ മറന്നാലും അവര്‍ അവശേഷിപ്പിച്ച എന്‍ഡവര്‍ എന്ന എസ്.യു.വി. വാഹനത്തെ ഇന്ത്യയിലെ ഒരു വാഹനപ്രേമി പോലും മറക്കില്ല. അത്രകണ്ട് ഇന്ത്യന്‍ നിരത്തുകളെ സ്വാധീനിച്ച വാഹനമായിരുന്നു എന്‍ഡവര്‍. ഇത് കൃത്യമായി തിരിച്ചറിഞ്ഞിട്ടുള്ള ഫോര്‍ഡ് ഈ വാഹനം മാത്രം തിരിച്ചെത്തിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ വാഹന മേഖലയില്‍ നിന്ന് പുറത്തുവരുന്നത്. 

പുതിയ എന്‍ഡവറിന് പേറ്റന്റ് എടുക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെന്നൈ പ്ലാന്റിന്റെ വില്‍പ്പനയില്‍ നിന്ന് പിന്മാറുക തുടങ്ങിയ സൂചനകളാണ് ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകള്‍ നല്‍കുന്നത്. തായ്‌ലന്‍ഡില്‍ ഫോര്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ള ഫോര്‍ഡ് എവറസ്റ്റ് എന്ന വാഹനത്തിനാണ് കമ്പനി ഇന്ത്യയില്‍ പേറ്റന്റിന് അപേക്ഷിച്ചിരിക്കുന്നത്. 2022-ലാണ് ഈ വാഹനം രാജ്യാന്തര വിപണികളില്‍ എത്തിച്ചത്. 

ചെന്നൈയിലെ പ്ലാന്റില്‍ എന്‍ഡവര്‍ അസംബിള്‍ ചെയ്യാനായിരിക്കും ഫോര്‍ഡിന്റെ പദ്ധതിയെന്നാണ് വിലയിരുത്തലുകള്‍. 2025-ഓടെ ഇത് ആരംഭിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് പ്രതിവര്‍ഷം 2500 യൂണിറ്റ് വരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും നിയമ തടസ്സങ്ങളുണ്ടാകില്ല. പ്രദേശികമായി അസംബിള്‍ ചെയ്യുന്നതിന് പകരം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താല്‍ പോലും പ്രധാന എതിരാളിയായ ഫോര്‍ച്യൂണറുമായി വിലയിലും മത്സരിക്കാന്‍ സാധിച്ചേക്കും. 

ആഭ്യന്തര വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സന്നദ്ധത ഫോര്‍ഡ് മുന്‍പ് തന്നെ അറിയിച്ചിട്ടുള്ളതാണ്. ഫോര്‍ഡ് ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നുള്ള സൂചനകള്‍ ഏറെ നാളായുള്ളതാണ്. വില്‍പ്പന നിര്‍ത്തിയ ശേഷവും ചില സേവനങ്ങളും വാറന്റി പാക്കേജുകളുമെല്ലാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മഹീന്ദ്രയുമായി പ്രഖ്യാപിച്ച സഹകരണം നടക്കാതെ പോയതിന് ശേഷം മറ്റൊന്നില്ലെന്ന് ശ്രമിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

ചെന്നൈയിലെ പ്ലാന്റിലായിരുന്നു ഫോര്‍ഡ് എന്‍ഡവര്‍ നിര്‍മിച്ചിരിരുന്നത്. അതുകൊണ്ടുതന്നെ എസ്.യു.വികള്‍ നിര്‍മിക്കാനുള്ള സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുള്ളതിനാല്‍ പുതിയ എന്‍ഡവര്‍ നിര്‍മിക്കുന്നത് താരതമ്യേന എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഫോര്‍ഡിന് ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകളാണുണ്ടായിരുന്നത്. ഗുജറാത്തിലെ സനന്ദിലുള്ള പ്ലാന്റ് 2022-ല്‍ തന്നെ ടാറ്റയ്ക്ക് കൈമാറിയിരുന്നു. ചെന്നൈയിലെ പ്ലാന്റ് വാങ്ങാന്‍ പല കമ്പനികളും സന്നദ്ധത അറിയിച്ചെങ്കിലും ഫോര്‍ഡ് പിന്‍മാറുകയായിരുന്നു.

Source: Autocar India

Content Highlights: Ford is planning to bring back endeavour suv to India