കാത്തിരുന്ന മുഹൂർത്തം, ഇന്ത്യയിൽ തിരിച്ചുവരവിന് സമയം കുറിച്ച് ഫോർഡ്, എത്തുന്നത് വൻ നിക്ഷേപം

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്റെ ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റം ഫോർഡ് ഉപയോക്താക്കളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നാണ്. തുടർച്ചയായ നഷ്ടങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു ഫോർഡിനെ സംബന്ധിച്ച് ഇന്ത്യയിലെ ഈ അടച്ചുപൂട്ടൽ. ഇന്ത്യയിലെ വിൽപ്പനയും മറ്റ് സേവനങ്ങളും അവസാനിപ്പിക്കുകയാണെങ്കിലും ഫോർഡിന്റെ ഗ്ലോബൽ മാർക്കറ്റ് ഓപ്പറേഷനുകളിൽ ഇന്ത്യക്ക് വ്യക്തമായ റോൾ ഉണ്ടാകുമെന്നാണ് ഫോർഡ് പ്രഖ്യാപിച്ചിരുന്നത്.
വിപണിയിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ തന്നെ ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് കൈമാറിയുന്നു. എന്നാൽ, ചെന്നൈയിലെ പ്ലാന്റ് നിലനിർത്തിയതോടെ ഫോർഡിന്റെ മടങ്ങി വരവ് സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഈ ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ട് ഫോർഡിന്റെ ചെന്നൈയിലെ പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാനൊരുങ്ങുകയാണ്. 2026 ജൂൺ മാസത്തിൽ ചെന്നൈ മരൈമലൈ നഗറിലെ ഫോർഡിന്റെ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
മുമ്പ് ഉണ്ടായിരുന്നത് പോലെ വാഹനങ്ങൾ ആയിരിക്കില്ല ഇവിടെ നിർമിക്കുകയെന്നതാണ് ശ്രദ്ധേയം. ആഗോള വിപണികളിലേക്കുള്ള പുതുതലമുറ വാഹനങ്ങളുടെ പവർട്രെയിനുകൾ (എൻജിനുകൾ) ചെന്നൈയിൽ നിർമിക്കാനാണ് ഫോർഡ് തീരുമാനിച്ചിരിക്കുന്നത്. ഫോർഡ് എവറെസ്റ്റ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എൻജിനുകൾ ഇന്ത്യയിൽ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തമിഴ്‌നാട് സർക്കാരുമായി 2024 സെപ്റ്റംബറിൽ തന്നെ ധാരണയായിരുന്നു.
ഫോർഡ് ഇന്ത്യയുടെ ഏറ്റവും വലിയ നിർമാണ പ്ലാന്റ് ആയിരുന്നു തമിഴ്‌നാട്ടിലേത്. പവർ ട്രെയിനുകൾ നിർമിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 2.35 ലക്ഷം എൻജിനുകൾ നിർമിക്കാനുള്ള ശേഷി ഈ പ്ലാന്റിന് ഉണ്ടാകുമെന്നാണ് സൂചനകൾ. എൻജിനുകൾ നിർമിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ വാഹനങ്ങൾ നിർമിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ഫോർഡിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി 3250 കോടി രൂപയുടെ നിക്ഷേപമാണ് ചെന്നൈയിലെ പ്ലാന്റിലേക്ക് എത്തുന്നത്. എൻജിനുകളുടെ നിർമാണത്തിനായി പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതോടെ 600 നേരിട്ടുള്ള തൊഴിൽ അവസരങ്ങളായിരിക്കും ഇവിടെ ഒരുങ്ങുക. 25 വർഷത്തിലധികം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഫോർഡ് കടുത്ത സാമ്പത്തിക നഷ്ടത്തിന്റെയും വിൽപ്പന ഇടിവിന്റെയും പശ്ചാത്തലത്തിൽ 2021-ലാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
Content Highlights: Ford is set to re-enter India with significant investment at its Chennai plant, focusing on global powertrain production. Learn more about the comeback.