ഇക്കോ സ്‌പോര്‍ട്ടിന് പുതിയ ഹൃദയം; ബിഎസ്-6 പെട്രോള്‍-ഡീസല്‍ എന്‍ജിനുമായി ഫോര്‍ഡ്

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളില്‍ കരുത്തനായ ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ടിന് പുതിയ ഹൃദയം. ബിഎസ്-4 എന്‍ജിനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇക്കോ സ്‌പോട്ട്.

ഇക്കോ സ്‌പോട്ടിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയ എന്‍ജിനിലേക്ക് മാറിയതോടെ രണ്ട് പതിപ്പുകള്‍ക്കും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഡിസൈനില്‍ മാറ്റം വരുത്താതെ എത്തിയിട്ടുള്ള ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിന് 8.04 ലക്ഷം രൂപ മുതല്‍ 11.43 ലക്ഷം രൂപ വരെയും, ഡീസല്‍ പതിപ്പിന് 8.54 ലക്ഷം രൂപ മുതല്‍ 11.58 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

99 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇക്കോ സ്‌പോര്‍ട്ടിലുള്ളത്. 120 ബിഎച്ച്പി പവറും 149 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. 

പുതിയ എന്‍ജിനിലെത്തിയ ഇക്കോ സ്‌പോര്‍ട്ടിന് ഉയര്‍ന്ന വാറന്റിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് ഫോര്‍ഡ് നല്‍കുന്നത്.

Content Highlights: Ford EcoSport BS-6 Engine Model Launched

Content Highlights: