പൊന്നുവിളയിച്ച സെൽടോസ് വീണ്ടും; കൂടുതൽ പ്രീമിയം, ഇഷ്ടംപോലെ ഫീച്ചറുകൾ

#സി.സജിത്
photo:Kia
photo:Kia

കിയ ഇന്ത്യയിലേക്ക് വലതുകാൽവെച്ച് കയറിയത് സെൽടോസുമായിട്ടായിരുന്നു. അത് എന്തായാലും ശുഭശകുനമായി. സൗന്ദര്യംകൊണ്ടും ഫീച്ചറുകൾകൊണ്ടും പുതിയ വിപ്ലവം സൃഷ്ടിച്ചായിരുന്നു സെൽടോസ് ഇന്ത്യൻ റോഡുകളിൽ തരംഗമായത്. ഇന്നും അത് തുടരുന്നു. ഇപ്പോഴിതാ ഒന്നുകൂടി മിനുക്കിയ സെൽടോസ് എത്തിയിരിക്കുകയാണ്. അതിലെന്തൊക്കെയുണ്ടെന്ന് കാണാം.

പുതിയ എട്ടു വേരിയന്റുകളുൾപ്പെടെ 24 ട്രിമ്മുകളുമായാണ് സെൽടോസ് എത്തിയത്. 11.13 ലക്ഷം മുതൽ 20.50 ലക്ഷംവരെ നിരന്നുകിടക്കുകയാണിവ. തുടക്കവിഭാഗത്തിൽ തന്നെ എട്ടിഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റവും ബ്ലൂടൂത്ത് കണക്ടിവിറ്റിയും വരുന്നുണ്ട്. എൽഇഡി ഫോഗ് ലാമ്പുകൾക്കൊപ്പം ടേൺ സിഗ്നൽ എൽഇഡി സീക്വൻസ് ലൈറ്റ് ഉൾക്കൊള്ളുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്ടഡ് ടെയിൽ ലാമ്പ് ഡിസൈൻ, എൽഇഡി ഡിആർഎല്ലുകൾ, റിയർ എൽഇഡി കോമ്പിനേഷൻ ലാമ്പ് എന്നിവയ്ക്കൊപ്പം എല്ലാ ഡോറുകളിലും ഇല്യുമിനേറ്റഡ് പവർ വിൻഡോയും വരുന്നു.

മുകളിലേക്ക് പോകുംതോറും പ്രീമിയം അതിന്റെ അപാരതയിലേക്കെത്തുന്നു. പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിങ്ങനെ സൗന്ദര്യവത്കരണം തുടരുകയാണ്. ക്രൂയിസ് കൺട്രോൾ, മൂഡ് ലൈറ്റിങ് സിസ്റ്റം, മോഷൻ സെൻസറോട് കൂടിയ സ്മാർട് കീ എന്നിങ്ങനെ പോകുന്നു.

അഡാസിന്റെ തലപ്പൊക്കവും കൂടി സെൽടോസിന് ലഭിക്കുന്നുണ്ട്. 19 ഫീച്ചറുകളോടെ അഡാസ് സെക്കൻഡ് ലെവലാണ് ഇതിൽ വരുന്നത്. നാവിഗേഷനടക്കമുള്ള സൗകര്യങ്ങൾക്കായി 10.25 ഇഞ്ച് ടച്ച് സ്‌ക്രീനും 10.25 ഇഞ്ചിന്റെ പൂർണമായും ക്ലസ്റ്ററും ഡാഷ് ബോർഡിൽ നിറഞ്ഞുകിടക്കുകയാണ്. മുന്നിലെ രണ്ടുസീറ്റുകളും വെന്റിലേറ്റഡായി. ഒപ്പം ഡ്രൈവർ സീറ്റ് എട്ട് രീതിയിൽ ക്രമീകരിക്കാൻ കഴിയും. 

ഡ്യുവൽ സോൺ ക്ലൈമെറ്റ് കൺട്രോൾ, എട്ട് സ്പീക്കറുകളാൽ നിറയുന്ന ബോസിന്റെ ഒന്നാംതരം സൗണ്ട്‌ സിസ്റ്റവും ഇതിലുണ്ട്. എൻജിൻ, ട്രാൻസ്മിഷന് ഓപ്ഷനുകൾക്ക് മാറ്റമില്ല. 6 സ്പീഡ് മാനുവൽ, സിവിടിയുമായി ചേർത്ത 1.5 ലിറ്റർ പെട്രോൾ എൻജിന്, 6 സ്പീഡ് ഐഎംടി അല്ലെങ്കിൽ 7 സ്പീഡ് ഡിസിടിയുമായിവരുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ, 6 സ്പീഡ് ഐഎംടി അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി ഒരുമിക്കുന്ന 1.5 ലിറ്റർ ഡീസൽ എന്നിവ തുടരുന്നു.

Content Highlights: Facelifted Kia Seltos with more premium features