മാസ് ലുക്ക്, ക്ലാസ് ഫീച്ചര്‍; ശരിക്കും ഹോട്ട് ഹാച്ച്ബാക്കായി ടാറ്റയുടെ അള്‍ട്രോസ്, ഉടന്‍ നിരത്തില്‍

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ വീണ്ടുമൊരു മത്സരത്തിന് കോപ്പുകൂട്ടുകയാണ് ടാറ്റ മോട്ടോഴ്‌സ്. അള്‍ട്രോസ് എന്ന വജ്രായുധത്തിന് കൂടുതല്‍ മൂര്‍ച്ച വരുത്തിയാണ് പടക്കളത്തിലേക്ക് ഇറങ്ങുന്നത്. ഈ ശ്രേണിയിലെ മറ്റ് എതിരാളികള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത സ്റ്റൈലും ശ്രേണിയിലെ പോലും ആദ്യത്തെ ഫീച്ചറുകളുമായാണ് ഈ വാഹനം രണ്ടാം വരവിനൊരുങ്ങുന്നത്. മെയ് മാസത്തിന്റെ അവസാനത്തോടെ വിപണിയില്‍ എത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ടീസര്‍ പുറത്തുവിട്ട് തുടങ്ങിവെച്ച സസ്‌പെന്‍സാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഇല്ലുമിനേറ്റഡ് ലൈറ്റുകള്‍, സ്‌ക്വയര്‍ പ്രൊജക്ഷന്‍ ഹെഡ്ലാമ്പും ഫോഗ്ലാമ്പും, ത്രീ ഡി ഗ്രില്ല്, സ്‌റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബമ്പര്‍ എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ഫ്ളഷ് ഡോര്‍ ഹാന്‍ഡിലാണ് വശങ്ങളിലെ പുതുമ. റിയര്‍വ്യൂ മിററിന്റെ ഡിസൈനില്‍ പോലും ഒരു പ്രീമിയം ഭാവം നിഴലിക്കുന്നുണ്ട്.
പിന്‍ഭാഗത്തും കാര്യമായ അഴിച്ചുപണിയാണ് നിര്‍മാതാക്കള്‍ വരുത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി എല്‍ഇഡി ടെയ്ല്‍ലാമ്പ് എന്ന ടാറ്റ മോട്ടോഴ്സ് വിശേഷിപ്പിക്കുന്ന കണക്ടഡ് ലൈറ്റ് സംവിധാനമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ് ഫൈബര്‍ ഉള്‍പ്പെടെ നല്‍കി അലങ്കരിച്ചിരിക്കുന്ന ബമ്പറാണ് പിന്‍ഭാഗത്തുള്ളത്. സില്‍വര്‍ ഫിനീഷിങ് അള്‍ട്രോസ് ബാഡ്ജിങ്, ടാറ്റയുടെ ത്രീ ഡി ലോഗോ എന്നിവയാണ് പിന്‍ഭാഗത്ത് വരുത്തിയിയിരിക്കുന്ന ഡിസൈന്‍ പുതുമകള്‍.
നിരവധി പുതുമകളോടെയാണ് അകത്തളവും ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ് തന്നെയാണ് ഇതില്‍ പ്രധാനം. സോഫ്റ്റ് പ്ലാസ്റ്റിക് മെറ്റീരിയലിനൊപ്പം ബോഡി കളര്‍ ഇന്‍സേര്‍ട്ടുകളാണ് ഹൈലൈറ്റ്. ഇല്ലുമിനേറ്റ് 2-സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗൂഗിള്‍ മാപ്പ് പ്രദര്‍ശിപ്പിക്കാന്‍ ക്രമീകരിക്കാവുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എച്ച്ഡി സറൗണ്ട് വ്യൂ 360-ഡിഗ്രി ക്യാമറ, വോയ്സ് അസിസ്റ്റഡ് സിംഗിള്‍-പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം ഇങ്ങനെ നീളുന്നു ഇന്റീരിയറിലെ ഫീച്ചറുകള്‍.
ടാറ്റയുടെ 1.2 റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ ഐ-ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് ഓപ്ഷനുകളിലായിരിക്കും പുതിയ അള്‍ട്രോസും നിരത്തുകളില്‍ എത്തുന്നത്. 1.2 ലിറ്റര്‍ റെവോട്രോണ്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 108 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ടര്‍ബോ എന്‍ജിന്റെ കരുത്ത്. ഡീസല്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഒാപ്ഷനുകളാണ് ഇതില്‍ നല്‍കുക.
Content Highlights: Experience the revamped Tata Altroz, a premium hatchback boasting stylish design