ചെറിയ വിലയുള്ള കാറില്‍ കുറച്ചധികം ഫീച്ചറുകള്‍; ഇന്ത്യന്‍ വാഹനങ്ങളോട് മുട്ടാന്‍ യൂറോപ്യന്‍ കമ്പനികള്‍

ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യം ശക്തമാക്കാന്‍ യൂറോപ്യന്‍ കാര്‍ കമ്പനികള്‍. സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, റെനോ, സിട്രോണ്‍ തുടങ്ങിയ കാര്‍ കമ്പനികള്‍ പുതിയ മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രീമിയം ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യകളും മത്സരാധിഷ്ഠിതമായ വിലയുമാണ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്.
2026-ഓടെ ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം യൂണിറ്റിലധികം കാറുകളുടെ വില്‍പ്പനയാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. അടുത്തകാലത്തായി കമ്പനി രേഖപ്പെടുത്തിയ വാര്‍ഷിക വില്‍പ്പനയുടെ ഇരട്ടിയിലധികം വരുമിത്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസുകിയുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.
അതേസമയം, ജാപ്പനീസ്, കൊറിയന്‍ കാര്‍ കമ്പനികളുമായുള്ള മത്സരത്തില്‍ ദീര്‍ഘകാലം െമെല്ലെപ്പോകേണ്ടി വന്ന യൂറോപ്യന്‍ കമ്പനികളെ സംബന്ധിച്ച് സ്‌കോഡയുടെ വില്‍പ്പനലക്ഷ്യം അവഗണിക്കാനാവത്ത ഒന്നാണ്. കുഷാഖ്, കൈലാഖ്, സ്ലാവിയ എന്നീ മൂന്ന് മോഡലുകളാണ് നിലവില്‍ സ്‌കോഡ ഇന്ത്യയുടെ വാഹനശ്രേണിയിലുള്ളത്.
ഐ.സി.ഇ. വാഹനങ്ങള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതും സ്‌കോഡയുടെ പദ്ധതിയില്‍ ഒന്നാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം കഴിഞ്ഞ ദിവസം വിഷന്‍ 7 എസ് എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് എസ്.യു.വിയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു.
സ്‌കോഡയ്ക്ക് സമാനമായി വിപുലമായി പദ്ധതികളാണ് ഫോക്‌സ്‌വാഗണും ഒരുക്കിയിട്ടുള്ളത്. കമ്പനിയുടെ ഇന്റര്‍നാഷണല്‍ മോഡലായ ഗോള്‍ഫ് ഇന്ത്യയില്‍ എത്തിക്കുന്നതിനൊപ്പം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആര്‍-ലൈന്‍ പതിപ്പും ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. ഫോക്‌സ്‌വാഗണിന്റെ ആദ്യ ഇലക്ട്രിക് മോഡലായ ഐ.ഡി.4 ഈ വര്‍ഷം എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Skoda, Volkswagen, Renault, and Citroen are boosting their India presence with new models