എസ്.യു.വികളിലെ 'മാടമ്പി'; വോൾവോ XC 90 സ്വന്തമാക്കി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ| VIDEO

photo: kerala volvo/instagram
photo: kerala volvo/instagram

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വികളിലൊന്ന് എന്ന വിശേഷണമുള്ള വോൾവോ എക്‌സ് സി 90 സ്വന്തമാക്കി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. കൊച്ചിയിലെ കേരള വോൾവോ ഡീലർഷിപ്പിലെത്തിയാണ് അദ്ദേഹം വെള്ള നിറത്തിലുള്ള എക്‌സ് സി 90 സ്വീകരിച്ചത്. ഇതിന്റെ വീഡിയോ കേരള വോൾവോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഒരു കോടി രൂപയിലധികമാണ് വാഹനത്തിന്റെ വില.

സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോയുടെ പ്രീമിയം എസ്.യു.വി എക്‌സ് സി 90യുടെ പുത്തൻ പതിപ്പ് ഈവർഷം മാർച്ചിലാണ് ഇന്ത്യയിലെത്തിയത്. വാഹനത്തിന്റെ ഫെയ്സ് ലിഫ്റ്റ് മോഡലായിരുന്നു കമ്പനി അവതരിപ്പിച്ചത്. മെക്കാനിക്കലിയുള്ള മാറ്റങ്ങൾക്ക് കമ്പനി മുതിർന്നില്ല.

250 എച്ച്.പി. പവറും 360 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിൻ നിലനിർത്തി. 8സ്പീഡ് ​ഗിയർബോക്സിനും മാറ്റമില്ല. ഓൾ വീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വേണ്ടത് 7.7 സെക്കൻഡ് മാത്രമാണ്. 

ഫീച്ചറുകൾ

ബ്ലാക്ക് ഡയമണ്ട് കട്ട് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, അലൂമിനിയം റൂഫ് റെയിൽസ്, പനോരമിക് സൺറൂഫ്, എയർ സസ്പെൻഷൻ എന്നിവ പ്രധാന സവിശേഷതയാണ്. 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ബോവേഴ്സ് ആൻഡ് വിൽകിൻസിന്റെ 19 സ്പീക്കറുകൾ ഉള്ള സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി കൺട്രോൾ, വെന്റിലേറ്റഡ്, മസാജ് സംവിധാനങ്ങളുള്ള സീറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ് അപ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു.  360 ഡി​ഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ്, അഡാസ് തുടങ്ങീ സുരക്ഷയുടെ കാര്യത്തിലും കമ്പനി യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല.  

Content Highlights: Director B. Unnikrishnan gets a new Volvo XC90, one of the safest SUVs