ഡീസല്‍ വാഹനങ്ങളുടെ ഡിമാന്റ് കുറഞ്ഞിട്ടില്ല, ഇപ്പോഴും ആവശ്യക്കാര്‍ ഏറെയെന്ന് ടാറ്റ മോട്ടോഴ്‌സ്

പുതിയ ടാറ്റ ഹാരിയര്‍ | Photo: Tata Motors
പുതിയ ടാറ്റ ഹാരിയര്‍ | Photo: Tata Motors

ഡംബര വാഹന നിര്‍മാതാക്കളിലെ അതികായരായ മെഴ്‌സിഡീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന ഡിമാന്റ് ആണ് വിപണിയില്‍ ഉള്ളതെന്ന് വില്‍പ്പന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അറിയിച്ചത്. ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനം ലഭിക്കുമ്പോഴും ഡീസല്‍ വാഹനങ്ങളുടെ ജനപ്രീതി കുറയുന്നില്ലെന്നായിരുന്നു മെഴ്‌സിഡീസിന്റെ കണ്ടെത്തല്‍. ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും നടത്തിയിട്ടുള്ളത്. 

ഡീസല്‍ എന്‍ജിനുകളോടുള്ള പ്രതിബന്ധത ടാറ്റ മോട്ടോഴ്‌സ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയിലെ ട്രെന്റും പല തരത്തിലുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പനയിലും മറ്റും ഡീസല്‍ എന്‍ജിനുകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 

പെട്രോള്‍ എന്‍ജിനുകളില്‍ ചെറുകാറുകള്‍ എത്തിയിരുന്ന കാലത്ത് ഡീസല്‍ എന്‍ജിനുമായി ഇന്‍ഡിക എന്ന മോഡല്‍ എത്തിക്കുകയും, ഇതിനുശേഷം ഡീസല്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നേറിയ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ഒടുവില്‍ ബി.എസ്.6 മാനദണ്ഡം നിര്‍ബന്ധമാക്കിയതോടെ 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ടാറ്റ മോട്ടോഴ്‌സ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇപ്പോഴും കരുത്തേകുന്നുണ്ട്.

ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഡീസല്‍ എന്‍ജിനില്‍ എത്തുന്ന ഒരേയൊരു വാഹനം അള്‍ട്രോസാണ്. അള്‍ട്രോസിന്റെ മൊത്തവില്‍പ്പനയുടെ എട്ട്‌ ശതമാനം ഇപ്പോഴും ഡീസല്‍ എന്‍ജിനിനാണ്. പെട്രോള്‍ എന്‍ജിന്‍ മോഡലിന് 61 ശതമാനം വില്‍പ്പനയും സി.എന്‍.ജി. 31 ശതമാനം വില്‍പ്പനയുമാണ് ഉള്ളത്. 2023-ലെ കണക്ക് അനുസരിച്ച് നെക്‌സോണിന്റെ വില്‍പ്പനയില്‍ 16 ശതമാനവും ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ സംഭാവനയാണെന്നാണ് വിവേക് ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്. 

ഞങ്ങളുടെ ചില വാഹനങ്ങളുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പിന്റെ ഡിമാന്റ് ഉയര്‍ന്നിട്ടുണ്ട്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നത് വരെ ഡീസല്‍ വാഹനങ്ങളുടെ ഡിമാന്റ് തുടരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും വിവേക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ടാറ്റയുടെ എസ്.യു.വി. ലൈനപ്പിലെ ഏറ്റവും മികച്ച വാഹനങ്ങളായ ഹാരിയര്‍, സഫാരി എന്നീ മോഡലുകള്‍ ഡീസല്‍ എന്‍ജിനുകളില്‍ മാത്രമാണ് എത്തുന്നത്. എഫ്.സി.എ 2.0 എന്‍ജിനാണ് ഈ വാഹനങ്ങളില്‍ നല്‍കുന്നത്.

Source

Content Highlights: Demand for diesel engine vehicle remain strong says tata motors