പുകമലിനീകരണത്തില്‍ ശ്വാസം മുട്ടി ഡല്‍ഹി; BS3, BS4 വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കി സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മലിനീകരണവും അതിരൂക്ഷമായിരിക്കുകയാണ്. മലനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബി.എസ്.3 നിലവാരത്തിലുള്ള പെട്രോള്‍, ബി.എസ്.4 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവംബര്‍ രണ്ടാം തിയതി മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഡല്‍ഹി മേഖലയെ ബാധിച്ചിരിക്കുന്ന രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഗ്രേഡഡ് റെസ്പോണ്‍ ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഡല്‍ഹിയിലെ എയര്‍ ക്യാളിറ്റി ഇന്‍ഡക്‌സ് ഗുരുതരമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ക്ക് പുറമെ, പല മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനം ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹനനിയമം സെക്ഷന്‍ 194(1) അനുസരിച്ച് കേസെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 20,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ചില വാഹനങ്ങള്‍ക്ക് വിലക്കില്‍ നിന്ന് ഇളവ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും എമര്‍ജന്‍സി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് ശേഷം വൈക്കോല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ഠങ്ങള്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പേരില്‍ സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ പിന്തുണയോടെ ഓടുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇത് നിരവധി ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നാണ് വിമര്‍ശനം. 

വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പും നിരോധനം പ്രഖ്യാപിച്ചിരുന്നു. മുന്‍ നിര്‍ദേശം അനുസരിച്ചും ബി.എസ്.3, ബി.എസ്.4 എമിഷന്‍ സ്റ്റാന്റേഡിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരുന്നു. ബി.എസ്-6 ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ അനുവദിച്ചിരുന്നു. സി.എന്‍.ജിയില്‍ ഓടുന്ന വാഹനങ്ങളെയും അവശ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമാകില്ലെന്നാണ് വിലയിരുത്തലുകള്‍. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു.

Content Highlights: Delhi government banned BS3, BS4 vehicle due to heavy air pollution