ലോഞ്ചിനെ വെല്ലുന്ന അകത്തളം, ഇലക്ട്രിക്കായും ഹൈബ്രിഡായും നിരത്തിലെത്താന്‍ സിട്രോണ്‍ സി5 എയര്‍ക്രോസ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യ പ്രവേശനം സി5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്‌യുവിയിലൂടെയായിരുന്നു. കാഴ്ചയിലെ അഴകിനൊപ്പം ഫീച്ചര്‍ സമ്പന്നമായും ഉയര്‍ന്ന കരുത്തിലുമെത്തിയ ഈ വാഹനത്തിന് പിന്നാലെയാണ് ബസാള്‍ട്ട് വരെയുള്ള സിട്രോണിന്റെ മറ്റ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. കാലാനുശ്രുതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സി5 എയര്‍ക്രോസിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള നീക്കങ്ങളിലാണ് നിര്‍മാതാക്കളായ സിട്രോണ്‍.
ഡീസല്‍ എന്‍ജിന്റെ കരുത്തിലാണ് ഇന്ത്യയില്‍ സി5 എയര്‍ക്രോസ് എത്തിയതെങ്കില്‍ പുതിയ പതിപ്പ് എത്തുന്നത് ഇലക്ട്രിക്, മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് ഓപ്ഷനുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന സി5 എയര്‍ക്രോസിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയുള്ള കണ്‍സെപ്റ്റ് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് സിട്രോണ്‍. കമ്പനിയുടെ പുതിയ ഡിസൈന്‍ ലാംഗ്വേജില്‍ അധിഷ്ഠിതമായിട്ടായിരിക്കും പുതിയ മോഡല്‍ ഒരുങ്ങുകയെന്നാണ് വിവരം.
എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, സിട്രോണിന്റെ പുതിയ ലോഗോ, ക്ലോസ്ഡ് ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഡിആര്‍എല്‍, 20 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീല്‍, സ്‌ക്വയര്‍ വീല്‍ ആര്‍ച്ച്, കട്ടിയുള്ള ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ് പില്ലറുകള്‍, സ്പ്ലിറ്റ് ടെയ്ല്‍ലാമ്പ്, വലിയ എയര്‍ക്രോസ് ബാഡ്ജിങ്, ബ്ലാക്ക് ഫൈബറില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയാണ് പുതിയ സി5 എയര്‍ക്രോസിന്റെ എക്‌സ്റ്റീരിയര്‍ നിര്‍മാതാക്കള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുന്‍ മോഡലിനെക്കാള്‍ 150 എംഎം നീളം കൂടിയിട്ടുണ്ട്. 4652 എംഎം ആണ് പുതിയ സി5 എയര്‍ക്രോസിന്റെ നീളം. 60 എംഎമ്മിന്റെ വര്‍ധനവാണ് വീല്‍ബേസില്‍ വരുത്തിയിരിക്കുന്നത്. 2784 എംഎം ആണ് പുതിയ വീല്‍ബേസ്. 651 ലിറ്ററിന്റെ ബൂട്ട് സ്‌പേസാണ് ഈ വാഹനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ബൂട്ട് ഫ്‌ളോറിന്റെ താഴെ മാത്രം 75 ലിറ്ററിന്റെ സ്‌റ്റോറേജ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്. പ്യൂഷോയുടെ ഏതാനും എസ്‌യുവി മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് പുതിയ സി5 ഒരുങ്ങുന്നത്.
സിട്രോണിന്റെ പുതിയ സി-സെന്‍ ലോഞ്ച് ഡിസൈനിലാണ് അകത്തളം ഒരുങ്ങുന്നത്. വലിയ കാസ്‌കേഡ് ഇന്‍ഫോടെയ്ന്‍മെന്റ് നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിങ്, മികച്ച കുഷ്യനുകള്‍ നല്‍കിയിട്ടുള്ള സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം സിട്രോണിന്റെ ഏറ്റവും മികച്ച സസ്‌പെഷന്‍ സംവിധാനവും നല്‍കിയാണ് പുതിയ സി5 എയര്‍ക്രോസ് ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
സി5 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പില്‍ 73 കിലോവാട്ട്, 97 കിലോവാട്ട് ബാറ്ററി പാക്കുകള്‍ നല്‍കും. ഇവ യഥാക്രമം 520 കിലോമീറ്റര്‍, 680 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. 30 മിനിറ്റിനുള്ളില്‍ ബാറ്ററി നിറയാന്‍ ശേഷിയുള്ള ചാര്‍ജിങ് സംവിധാനവും ഇതില്‍ നല്‍കും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ 143 ബിഎച്ച്പി പവറുള്ള എന്‍ജിനും പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പില്‍ 192 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന എന്‍ജിനും നല്‍കും. 100 കിലോമീറ്ററായിരിക്കും ഇതിന്റെ റേഞ്ച്. ഈ വര്‍ഷം തന്നെ പുതിയ മോഡല്‍ നിരത്തുകളില്‍ എത്തും.
Content Highlights: Citroen new C5 Aircross boasts electric hybrid options-increased size and advanced features