ഇപ്പൊ ഒന്നൂടെ സ്റ്റൈലായി; സിട്രോൺ C3 സ്പോർട്ട് എഡിഷൻ എത്തി, മാറ്റങ്ങൾ അറിയാം

photo:Citroen
photo:Citroen

C3 ഹാച്ച്ബാക്കിന്റെ സ്പോർട്ട് എഡിഷൻ പുറത്തിറക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോൺ. 21000 രൂപ അധികം മുടക്കിയാൽ ലൈവ്, ഫീൽ, ഷൈൻ എന്നീ മൂന്നു വേരിയന്റുകളിലും ഈ പതിപ്പ് സ്വന്തമാക്കാം. ​'ഗെയിം ചേഞ്ചർ' എന്ന ടാ​ഗ് ലൈനോടെയാണ് വാഹനം എത്തിയിരിക്കുന്നത്. 
എക്സ്റ്റീരിയറിലും ഇന്റീരിയറിലും സ്പെഷ്യൽ എഡിഷന്റേതായ മാറ്റങ്ങളുമായാണ് സ്പോർട്ടിന്റെ വരവ്.

മുൻ ബമ്പർ, ബോണറ്റ്, റൂഫ്, ഡോറുകൾ എന്നിവിടങ്ങളിൽ പുതിയ സ്റ്റിക്കറുകൾ സ്പോർട്ട് എഡിഷനിൽ ലഭിക്കുന്നു. മുൻ ഡോറുകളിൽ സ്പോർട്ട് എഡിഷൻ ബാഡ്ജിങ്ങും ഉണ്ട്. പുതിയ ഗാർനെറ്റ് റെഡ് എക്സ്റ്റീരിയർ പെയിന്റാണ് മറ്റൊരു സവിശേഷത.

ഇന്റീരിയരിലേക്ക് വരുമ്പോൾ, സ്പെഷ്യൽ എഡിഷൻ സീറ്റ് കവറുകൾ, മാറ്റുകൾ, സീറ്റ് ബെൽറ്റ് കുഷ്യനുകൾ എന്നിവയുമുണ്ട്. ആംബിയന്റ് ലൈറ്റുകളും ലഭ്യമാണ്. വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, ആറ് എയർബാഗുകൾ, ഇബിഡി, എബിഎസ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുന്നു. മൊത്തത്തിൽ, എഡിഷന്റെ പേര് സൂചിപ്പിക്കുന്നപോലെ വാഹനത്തിന് സ്പോർട്ടി ലുക്ക് തന്നെയാണുള്ളത്.

സ്റ്റാൻഡേർഡ് മോഡലിൽ ഉള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് സ്പോർട്ട് എഡിഷനിലും ഉള്ളത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിൻ 82 എച്ച്പി പവറും 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഒരു മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. 

കൂടുതൽ മികച്ച പ്രകടനം ആഗ്രഹിക്കുന്നവർക്ക് 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് തിരഞ്ഞെടുക്കാം. ഇത് മാനുവൽ ട്രാൻസ്മിഷനോടൊപ്പം 110 എച്ച്പി പവറും 190 എൻഎം ടോർക്കും നൽകും. അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം 205 എൻഎം ടോർക്കായി ഇത് വർധിക്കും. 6.44 ലക്ഷം രൂപ മുതൽ 10.21 ലക്ഷം രൂപ വരെയാണ് വില.(എക്സ്ഷോറൂം). 
 

Content Highlights: Citroen C3 Sport Edition launched india