വാഹനം ചെറുതാണെങ്കില്‍ ട്രാന്‍സ്മിഷന്‍ ഹെവിയാണ്; സി3-യുടെ ഓട്ടോമാറ്റിക് ഇറക്കി സിട്രോണ്‍

ഇന്ത്യയിലെ വാഹന വിപണിയില്‍ സജീവ സാന്നിധ്യമായി കൊണ്ടിരിക്കുന്ന വാഹന നിര്‍മാതാക്കളാണ് ഫ്രഞ്ച് കമ്പനിയായ സിട്രോണ്‍. ഒരു ഇലക്ട്രിക് വാഹനം ഉള്‍പ്പെടെ അഞ്ച് മോഡലുകളുമായി വിപണിയില്‍ തുടരുന്ന ഈ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് സി3. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രം എത്തിയിരുന്ന ഈ വാഹനം ഒടുവില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.
സിട്രോണ്‍ സി3-യുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഷൈന്‍ വേരിയന്റിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നത്. വൈബ് പാക്ക്, ഡ്യുവല്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് എന്നീ മൂന്ന് വിഭാഗങ്ങളില്‍ എത്തുന്ന സി3 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ക്ക് യഥാക്രമം 10.12 ലക്ഷം, 10.15 ലക്ഷം, 10.27 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 6.16 ലക്ഷം രൂപയിലാണ് സിട്രോണ്‍ സി3 മോഡലിന്റെ വില ആരംഭിക്കുന്നത്.
സിട്രോണ്‍ അടുത്തിടെ വിപണിയില്‍ എത്തിച്ച ബസാള്‍ട്ടില്‍ നല്‍കിയിരുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സി3-ലും നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. 108 ബി.എച്ച്.പി. പവറും 205 എന്‍.എം. ടോര്‍ക്കുമേകുന്ന എന്‍ജിനാണിത്. ഈ വാഹനത്തില്‍ നല്‍കിയിരുന്ന ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തുടര്‍ന്നും വിപണിയില്‍ എത്തും.
മെക്കാനിക്കലായി വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം ലുക്കില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയാണ് സി3 ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഇതില്‍ പ്രധാനം. ഇന്റീരിയറിലും ഏതാനും കൂട്ടിച്ചേര്‍ക്കലുകള്‍ നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡോര്‍ പാഡിലേക്ക് മാറിയ പവര്‍ വിന്‍ഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഓട്ടോഫോള്‍ഡ് സംവിധാനമുള്ളതുമായി റിയര്‍ വ്യു മിററുകള്‍, 15 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് ഫീച്ചറുകള്‍.
ആദ്യ വരവില്‍ തന്നെ സുരക്ഷയ്ക്ക് ഏറിയ പ്രധാന്യം നല്‍കിയാണ് സിട്രോണ്‍ സി3 എത്തിയിരുന്നത്. പുതിയ മോഡലിലേക്ക് വരുമ്പോള്‍ താഴ്ന്ന വേരിയന്റ് മുതല്‍ ആറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറായി നല്‍കുന്നുണ്ട്. എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, ഓട്ടോമാറ്റിക് മോഡലില്‍ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് തുടങ്ങിയ വാഹനങ്ങളാണ് പ്രധാന എതിരാളികള്‍.
Content Highlights: Citroen C3 now comes with an automatic transmission option