ആ കുറവും പരിഹരിക്കുന്നു; സിട്രോണ്‍ സി3 എയര്‍ക്രോസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉടനെത്തും

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന വാഹനമാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോൺ എത്തിച്ചിട്ടുള്ള സി3 എയര്‍ക്രോസ്. 2023 സെപ്റ്റംബര്‍ മാസം വിപണിയില്‍ എത്തിയ ഈ വാഹനം മികച്ച വില്‍പ്പന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പും നിരത്തുകളില്‍ എത്തിക്കുമെന്ന് ഈ വാഹനത്തിന്റെ അവതരണ വേളയില്‍ തന്നെ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, എപ്പോള്‍ എത്തിക്കുമെന്നത് സംബന്ധിച്ച സൂചന നല്‍കിയിരുന്നില്ല. എന്നാല്‍, പുതിയ വിവരം അനുസരിച്ച് ജനുവരി മാസത്തില്‍ തന്നെ സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. പല ഡീലര്‍ഷിപ്പുകളിലും ഓട്ടോമാറ്റിക് വേരിയന്റിന് ബുക്കിങ്ങ് സ്വീകരിക്കുന്നതായും വിവരമുണ്ട്.
സിട്രോള്‍ സി3 എയര്‍ക്രോസിലെ പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആയിരിക്കും സി3 എയര്‍ക്രോസില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. നിലവില്‍ ഈ വാഹനത്തിന്റെ ഫൈവ് സീറ്റര്‍ മോഡലിന് 9.99 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഏഴ് സീറ്ററിന് 11.69 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഇവയെക്കാള്‍ കൂടുതല്‍ വിലയാകും.
ഇന്ത്യയിലെ സിട്രോണ്‍ വാഹന നിരയില്‍ നാലാമത്തെ മോഡലായാണ് സി3 എയര്‍ക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ച വാഹനമെന്നതാണ് സി3 എയര്‍ക്രോസിന്റെ സവിശേഷതയായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, എം.ജി. ആസ്റ്റര്‍ തുടങ്ങി മിഡ്-സൈസ് എസ്.യു.വി. വിപണിയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡല്‍ മത്സരിക്കുന്നത്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മോഡല്‍ മാത്രമാണ് നിലവില്‍ വില്‍പ്പനയിലുള്ളത്. വരാനിരിക്കുന്ന ഓട്ടോമാറ്റികും ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും സിട്രോള്‍ ഈ വാഹനത്തില്‍ ഒരുക്കുന്നുണ്ട്.
Source: Carwale
Content Highlights: Citroen C3 Aircross Automatic Variant will launch soon