സംഗതി ക്ലാസാണ്, പക്ഷെ അത്ര സെയ്ഫ് അല്ല; കാറുകളിലെ 'ഹൈടെക്' ഡോർ ഹാൻഡിൽ നിരോധിക്കാൻ ചൈന

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

വാഹനം അൺലോക്ക് ചെയ്യുമ്പോൾ തനിയെ പുറത്തേക്ക് തള്ളി വരുന്ന ഡോർ ഹാൻഡിലുകൾ ഇപ്പോൾ വാഹനങ്ങളുടെ സാങ്കേതിക മികവിന്റെ തെളിവാണ്. റെട്രാക്ടബിൾ ഡോർ ഹാൻഡിലുകൾ അല്ലെങ്കിൽ ഫ്‌ളെഷ് ഡോർ ഹാൻഡിലുകൾ എന്നറിയപ്പെടുന്ന ഈ സംവിധാനം പല പ്രീമിയം കാറുകളിലും നൽകാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ഡോർ ഹാൻഡിലുകൾ നിരോധിക്കാനുള്ള നീക്കത്തിലാണ് ചൈനയെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈന ഇത്തരം ഡോർ ഹാൻഡിലുകൾ ഒഴിവാക്കാൻ പദ്ധതിയൊരുക്കുന്നത്.

വാഹനങ്ങളിൽ അപകടമുണ്ടാകുമ്പോൾ ഡോർ തുറക്കാൻ പ്രയാസം നേരിടുന്നുവെന്ന കാരണം ചൂണ്ടികാണിച്ചാണ് ചൈനയുടെ ഈ നീക്കമെന്നാണ് വിലയിരുത്തലുകൾ. ഈ നിരോധനം നടപ്പാക്കുന്നതോടെ എല്ലാ കാറുകളിലും വാഹനത്തിനുള്ളിൽ നിന്നും പുറത്തുനിന്നും മെക്കാനിക്കലായി റിലീസ് ചെയ്യാനാകുന്ന ഡോർ ഹാൻഡിലുകൾ വേണമെന്ന നിയമവും നടപ്പാക്കും. ഡിസംബർ പകുതിയോടെയാണ് ഇത്തരത്തിലുള്ള പരിഷ്‌കാരം നടപ്പാക്കാനുള്ള തീരുമാനം ചൈന സ്വീകരിച്ചത്.

3.5 ടണ്ണിൽ താഴെ ഭാരമുള്ള പാസഞ്ചർ കാറുകളിൽ ഒരു അപകടമുണ്ടായാൽ മെക്കാനിക്കലായി പ്രവർത്തിക്കാൻ സാധിക്കുന്ന ഡോർ ഹാൻഡിൽ വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ചൈനയുടെ വ്യവസായ-വിവരസാങ്കേതികവിദ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഒരു കരട് നിയമത്തിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. അപകട സ്ഥലത്ത് ആദ്യമെത്തുന്ന പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഈ നിർദേശം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

ചൈനയിലെ ആധുനിക ഇലക്ട്രിക് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഫ്‌ളെഷ് ഡോർ ഹാൻഡിലുകൾ അവരുടെ ഡിസൈൻ സവിശേഷതയായി ഉയർത്തി കാട്ടുന്നുണ്ട്. ചൈനയിലെ ടെസ്‌ല മോഡൽ എസ്, ബിവൈഡി സീൽ തുടങ്ങിയ വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഹാൻഡിലുകളാണ് നൽകിയിട്ടുള്ളതും. മോഡൽ 3, മോഡൽ വൈ തുടങ്ങിയ വാഹനങ്ങളിൽ നൽകിയിട്ടുള്ള പുഷ് ബട്ടൺ ഡോർ ഹാൻഡിലുകളും ഈ വിഭാഗത്തിൽപെടുന്നവ തന്നെയാണ്.

വാഹനങ്ങളുടെ എയറോഡൈനാമിക് ശേഷി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ഇത്തരത്തിലുള്ള ഡിസൈനുകൾ പ്രധാനമായും നൽകുന്നത്. ഇത് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കുന്നതിൽ പോലും സ്വാധീനിക്കാറുണ്ട്. എന്നാൽ, വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇത്തരത്തിലുള്ള ഡോർ ഹാൻഡിലുകളുടെ പ്രവർത്തനം തടസ്സപ്പെടാറുണ്ടെന്നാണ് ചൈനയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഇത് പല സംഭവങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുമുണ്ടെന്നാണ് വിശദീകരണം.

Content Highlights: China plans to ban retractable door handles on cars, citing safety risks during accidents. Learn why these `high-tech` features may soon be a thing of the past. Click to find out more!