ഇ6-ന് പകരക്കാരന്‍, ബി.വൈ.ഡി. ഇമാക്‌സ് 7 ഒക്ടോബര്‍ 8-ന്; ആദ്യ 1000 ബുക്കിങ്ങിന് പ്രത്യേകം നേട്ടങ്ങള്‍

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ച മോഡലായിരുന്നു ഇ6 എന്ന ഇലക്ട്രിക് എം.പി.വി. 2021-ല്‍ ഇന്ത്യയില്‍ എത്തിയ ഈ വാഹനം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ മാറ്റത്തിനൊരുങ്ങുകയാണ്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളും സാങ്കേതികവിദ്യയിലും ഏറെ പുതുമകള്‍ നിറച്ച് ഇമാക്സ് 7 എന്ന പേരിലാണ് ഇ6-ന്റെ പുതിയ പതിപ്പ് നിരത്തുകളിലേക്ക് എത്തുകയെന്ന് നിര്‍മാതാക്കള്‍ ഇതിനോടം അറിയിച്ച് കഴിഞ്ഞു.
ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി ഒക്ടോബര്‍ എട്ടിനാണ് ഇമാക്സ് 7 അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ് സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുമെന്നാണ് ബി.വൈ.ഡി. അറിയിച്ചിരിക്കുന്നത്. 51,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ഉപയോക്താക്കള്‍ക്ക് 7 കിലോവാട്ട്, 3 കിലോവാട്ട് ചാര്‍ജറുകള്‍ സമ്മാനമായി നല്‍കുമെന്നാണ് ബി.വൈ.ഡി. അറിയിച്ചിരിക്കുന്നത്.
ഈ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ ടീസറുകളിലൂടെ ബി.വൈ.ഡി. നല്‍കിയിട്ടുള്ളത്. ഫ്യുച്ചറിസ്റ്റിക് ലുക്കുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും ഉള്‍പ്പെടുന്നതാണ് ടീസര്‍ ചിത്രം. ഇ6-നെക്കാള്‍ സ്റ്റൈലിഷാണ് ഇമാക്സ് 7. പുതുമയുള്ള ബംമ്പര്‍, അംഗുലര്‍ ബോണറ്റ്, വലിപ്പം കുറഞ്ഞ എയര്‍ഡാം, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുങ്ങിയവയാണ് മുന്‍വശം അലങ്കരിക്കുന്നത്. ഇരട്ട നിറത്തില്‍ തീര്‍ത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായി റിയര്‍വ്യൂ മിറര്‍, ആകര്‍ഷകമായ അലോയി വീല്‍ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
ബി.വൈ.ഡിയുടെ മറ്റ് വാഹനങ്ങള്‍ പോലെ ചിട്ടയായാണ് ഈ വാഹനത്തിന്റെയും ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. മൂന്നുനിര സീറ്റുകളിലായി ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റിങ്ങ് ലേഔട്ട്. 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അനലോഗ് ഡയലില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് മോഡ് സെലക്ടര്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലറ്റുകള്‍.
55.4 കിലോവാട്ട്, 71.8 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാക്രമം 161 ബി.എച്ച്.പി, 201 ബി.എച്ച്.പി. പവറുകള്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളും ഇവയില്‍ നല്‍കുന്നുണ്ട്. 310 എന്‍.എം.ടോര്‍ക്കാണ് രണ്ട് മോഡലുകളുമെകുന്നത്. 55.4 കിലോവാട്ട് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 420 കിലോമീറ്ററും 71.8 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ 530 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്.
Content Highlights: BYD`s eMax 7, the upgraded version of the e6, is launching in India on October 8th