530 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് സുഖമായി യാത്രചെയ്യാം; ഫീച്ചറിലും സ്റ്റൈലിലും കേമനായി BYD eMax7

ചൈനീസ് വാഹനനിര്‍മാതാക്കളായ ബി.വൈ.ഡിക്ക് ഇന്ത്യന്‍ വിപണിയിലേക്ക് പാതയൊരുക്കിയ മോഡലായിരുന്നു ഇ6 എം.പി.വി. 2021-ല്‍ നിരത്തുകളില്‍ എത്തിയ ഈ വാഹനത്തിന്റെ രൂപവും നാമവും മാറ്റി വീണ്ടും പുറത്തിറക്കിയിരിക്കുകയാണ്. ബി.വൈ.ഡി. ഇമാക്‌സ് 7 എന്ന പേരിലാണ് ഇ6-ന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ആറ്-ഏഴ് സീറ്റിങ് ഓപ്ഷനുകളില്‍ പ്രീമിയം, സുപ്പീരിയര്‍ എന്നീ വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 26.9 ലക്ഷം രൂപ മുതല്‍ 29.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇമാക്‌സ് 7 വിപണിയില്‍ എത്തുന്നത്. 55.4 കിലോവാട്ട് ബാറ്ററിപാക്കുള്ള മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 420 കിലോമീറ്റര്‍ റേഞ്ചും 71.8 കിലോവാട്ട് ബാറ്ററിപാക്കുള്ള വാഹനം 530 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. 163 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് പ്രീമിയം വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളത്. 10.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ അടിസ്ഥാന വേരിയന്റില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, സുപ്പീരിയര്‍ എന്ന ഉയര്‍ന്ന വകഭേദത്തില്‍ 204 ബി.എച്ച്.പി. പവറും 310 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്. 8.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററില്‍ പരിമിതപ്പെടുത്തുന്നുണ്ട്. 7 കിലോവാട്ട് ചാര്‍ജറാണ് സ്റ്റാന്റേഡായി നല്‍കിയിട്ടുള്ളത്. എന്നാല്‍, 89 കിലോവാട്ട് 115 കിലോവാട്ട് എന്നീ ഫാസ്റ്റ് ചാര്‍ജറുകളും ഈ വാഹനത്തില്‍ ഉപയോഗിക്കാം. ബാറ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്ററും മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്ററുമാണ് വാറണ്ടി.
ഇ6-ന് സാമ്യം തോന്നിക്കുന്നതാണ് ഇമാക്‌സ് 7-ന്റെയും അടിസ്ഥാന രൂപം. ഫ്യുച്ചറിസ്റ്റിക് ലുക്കുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലുമാണ് മുഖം അലങ്കരിക്കുന്നത്. പുതുമയുള്ള ബംമ്പര്‍, അംഗുലര്‍ ബോണറ്റ്, വലിപ്പം കുറഞ്ഞ എയര്‍ഡാം, വീതി കുറഞ്ഞ ലോവര്‍ ലിപ്പ് തുടങ്ങിയവയും മുന്‍വശത്തിന് അഴകേകുന്നുണ്ട്. ഇരട്ട നിറത്തില്‍ തീര്‍ത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായി റിയര്‍വ്യൂ മിറര്‍, ആകര്‍ഷകമായ അലോയി വീല്‍ എന്നിവയും ഇമാക്‌സ് 7-ലെ ഹൈലൈറ്റാണ്.
ലളിതമായ ഡിസൈനിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്നുനിര സീറ്റുകളിലായി ആറ്-ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് സീറ്റിങ് ലേഔട്ട്. സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ് പാനലുകള്‍, ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള സെന്റര്‍ കണ്‍സോള്‍, 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അനലോഗ് ഡയലില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, രണ്ട് വയര്‍ലെസ് ചാര്‍ജിങ് പാഡ്, പുതിയ സ്റ്റിയറിങ് വീല്‍, പുതിയ സ്വിച്ച് ഗിയര്‍ എന്നിവയാണ് ഇന്റീരിയറിന് നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
ഇമാക്‌സ് 7 സുപ്പീരിയര്‍ വേരിയന്റില്‍ ലെവല്‍ 2 അഡാസ് സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഫിക്‌സഡ് പനോരമിക് ഗ്ലാസ് റൂഫ്, പവേര്‍ഡ് ആന്‍ഡ് വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഫ്രെയിംലെസ് വൈപ്പറുകള്‍, റൂഫ് റെയിലുകള്‍, തുടങ്ങിയവയും ഈ വേരിയന്റില്‍ അധികമായി നല്‍കുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഇമാക്‌സ് 7 എം.പി.വിയില്‍ അടിസ്ഥാന ഫീച്ചറായി നല്‍കുന്നുണ്ട്.
Content Highlights: BYD launched eMax7 Electric MPV in India Price Starts at 26.9 Lakhs