ജിഎസ്ടി ഇളവും നവരാത്രിയും ഇന്ധനമായി, പറപറന്ന് വാഹന വിപണി; പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 35 ശതമാനം കുതിപ്പ്

കൊച്ചി: നവരാത്രി ഉത്സവകാലയളവില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ കുതിപ്പ്. ഈ വര്‍ഷത്തെ ഉത്സവവേളയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ വില്‍പ്പന 35 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. നവരാത്രിയുടെ തുടര്‍ച്ചയായി ദീപാവലിക്കും ഡീലര്‍മാര്‍ റെക്കോഡ് വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) പുറത്തിറക്കിയ കണക്കുകള്‍പ്രകാരം, ഈ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 2.17 ലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷമിത് 1.61 ലക്ഷം യൂണിറ്റുകളായിരുന്നു.
നവരാത്രി വില്‍പ്പനയിലെ ഈ കുതിപ്പ് സെപ്റ്റംബറിലെ മൊത്തം പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനുകളും ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ 2.82 ലക്ഷം യൂണിറ്റുകളില്‍നിന്ന് ആറ് ശതമാനം വര്‍ധിച്ച് 2.99 ലക്ഷം യൂണിറ്റുകളില്‍ എത്തി.
ഉത്സവാവേശത്തിനു പുറമേ കുറഞ്ഞ ചരക്ക്-സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതും ഡിമാന്‍ഡ് ഉയരാന്‍ കാരണമായി. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരുന്നതിന് ഉപഭോക്താക്കള്‍ കാത്തിരുന്നതിനാല്‍ സെപ്റ്റംബറിന്റെ ആദ്യ മൂന്നാഴ്ചകളില്‍ വില്‍പ്പന പൊതുവേ മന്ദഗതിയിലായിരുന്നു.
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന 22-ാം തീയതി നവരാത്രിയുടെ തുടക്കവുമായി ഒത്തുപോയതോടെ, ഷോറൂമുകളിലെ വില്‍പ്പന കുത്തനെ ഉയര്‍ന്നു.
Content Highlights: Passenger vehicle sales jumped 35% during the Navratri festival in India. Record sales are expected to continue through Diwali, boosted by lower GST rates.