ഔഡി നിരയിലെ ഏറ്റവും തലപ്പൊക്കമുള്ള വാഹനം; ഫ്‌ളാഗ്ഷിപ്പ് പദവി ഏറ്റെടുത്ത് പുതിയ Q9 എസ്‌യുവി

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയുടെ വാഹന നിരയിലേക്ക് പുതിയൊരു എസ്‌യുവി കൂടി എത്തിയിരിക്കുകയാണ്. ഔഡിയുടെ വാഹന നിരയിലെ ഏറ്റവും ഉയർന്ന മോഡൽ എന്ന് വിശേഷിപ്പിക്കുന്ന Q9 എസ്‌യുവിയാണ് ഔഡിയുടെ ഫ്‌ള്ഗ്ഷിപ്പ് എസ്‌യുവി പട്ടം സ്വന്തമാക്കി എത്തിയിരിക്കുന്നത്. ഔഡി വാഹനങ്ങളിൽ ആദ്യമായാണ് 9 എന്ന അക്കം ചേർത്തുള്ള ഒരു മോഡൽ എത്തുന്നതെന്നാണ് വിലയിരുത്തൽ.
സ്ലോവാക്യയിലെ ഔഡിയുടെ പ്ലാന്റിൽ നിർമിക്കുന്ന ഈ വാഹനം 2027-ന്റെ പകുതിയോടെ മാത്രമേ ഇന്ത്യയിൽ എത്തൂവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു X7, മെഴ്‌സിഡീസ് ബെൻസ് ജിഎൽഎസ് എന്നീ മോഡലുകളുമായായിരിക്കും ഈ വാഹനം മത്സരിക്കുക. വിദേശ വിപണികളിൽ നവംബർ മാസം മുതൽ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വില 1,08,400 യൂറോയാണ് (1.18 കോടി രൂപ).
ഔഡിയുടെ നിലവിലെ എസ്‌യുവി നിരയിൽ നിന്ന് വ്യത്യസ്തമായി ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് Q9 എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. ഡിജിറ്റൽ മാട്രിക്‌സ് എൽഇഡിയിൽ ഒരുങ്ങിയിട്ടുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റ്, എൽഇഡി ഡിആർഎൽ, വെർട്ടിക്കിളായി തിളങ്ങുന്ന സ്ലാറ്റുകൾ നൽകിയിട്ടുള്ള വലിയ ഗ്രില്ല്, ഔഡിയുടെ തിളങ്ങുന്ന ലോഗോ, എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള വലിയ ബമ്പർ എന്നിവയാണ് മുൻവശത്തെ കാഴ്ചകൾ.
വേരിയന്റുകൾക്ക് അനുസരിച്ച് 20 മുതൽ 23 ഇഞ്ച് വരെ വലിപ്പമുള്ള അലോയി വീലുകൾ Q9-ൽ ഉണ്ട്. 23 ഇഞ്ച് വലിപ്പമുള്ള വീലിൽ ടയർ നോയിസ് കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരീക്ഷിച്ചിട്ടുണ്ട്. കർവ് ഷേപ്പിലുള്ള ഒഎൽഇഡി ടെയ്ൽലാമ്പാണ് പിന്നിൽ. ഇവയെ ഒരു ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. തിളങ്ങുന്ന ലോഗോ ഹാച്ച്‌ഡോറിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ട്വിൻ എക്‌സ്‌ഹോസ്റ്റ്, മസ്‌കുലർ ബമ്പർ തുടങ്ങിയവയും പിൻഭാഗത്തിന് സ്‌പോർട്ടി ഭാവം നൽകുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഔഡിയുടെ മറ്റ് വാഹനങ്ങളിൽ നൽകിയിട്ടുള്ള വുഡൻ അലങ്കാരങ്ങൾക്ക് പകരമായി കാർബൺ ഫൈബറാണ് Q9 എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോർ സ്‌പോക്ക് സ്റ്റിയറിങ് വീലും എസ് എന്ന രേഖപ്പെടുത്തിയിട്ടുള്ള സീറ്റുകളും ഇതിൽ കാണാം. മൂന്ന് നിരകളിലായി ആറ്, ഏഴ് സീറ്റിങ് ഓപ്ഷനുകളിൽ എത്തുന്ന എസ്‌യുവിയാണ് Q9.
മൂന്ന് സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ തലയുയർത്തി നിൽക്കുന്നത്. ഡ്രൈവർ ഡിസ്‌പ്ലേയ്ക്ക് 12.3 ഇഞ്ചും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് 14.5 ഇഞ്ചും പാസഞ്ചർ സ്‌ക്രീനിന് 12.3 ഇഞ്ചും വലിപ്പമാണ് ഉള്ളത്. ബാങ് ആൻഡ് ഒലുഫ്‌സെന്നിന്റെ 22 സ്പീക്കർ ഫോർ ഡി മ്യൂസിക് സിസ്റ്റമാണ് ഇതിലുള്ളത്. സ്വിച്ചബിൾ ട്രാൻസ്പരൻസിയും ആംബിയന്റ് ലൈറ്റിങ്ങുകളുമുള്ള വലിയ പനോരമിക് സൺറൂഫ്, ഹീറ്റഡ് ആംറെസ്റ്റ് എന്നിവയും ഇതിലുണ്ട്.
മെക്കാനിക്കലി കരുത്തനായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. Q9 ജർമൻ പതിപ്പിൽ 3.0 ലിറ്റർ വി6 ഡീസൽ എൻജിനാണ് കരുത്തേകുന്നത്. ഇത് 300 എച്ച്പി പവറും 630 എൻഎം ടോർക്കുമേകും. എട്ട് സ്പീഡ് ടിപ്പ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. എന്നാൽ, യുഎസിൽ എത്തുന്ന Q9-ൽ 2.9 ലിറ്റർ ട്വിൻ ടർബോ വി6 പെട്രോൾ എൻജിനാണുള്ളത് ഇത് 429 എച്ച്പി പവറും 599 എൻഎം ടോർക്കുമേകും.
Content Highlights: Audi Q9 is the new flagship luxury SUV featuring a futuristic design language., Available in 6 and 7-seater configurations with premium carbon fiber interior accents., Advanced technology includes a triple-screen dashboard and a 22-speaker Bang & Olufsen sound system., Expected India arrival by mid-2027 to compete with BMW X7 and Mercedes-Benz GLS., Engine options include a 3.0L V6 diesel and a 2.9L twin-turbo V6 petrol variant.