ഔഡിയുടെ പെര്‍ഫോമെന്‍സ് കരുത്തന്; പുതിയ ആര്.എസ്. Q8 വരവിനൊരുങ്ങി
ജര്മാന് ആഡംബര വാഹനനിര്‍മാതാക്കളായ ഔഡിയുടെ എസ്യുവി മോഡലായ Q8-ന്റെ പെര്‍ഫോമെന്‍സ് പതിപ്പ് വരവിനൊരുങ്ങി. ഔഡി ആര്‍എസ് Q8 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വരവിന് മുന്നോടിയായി ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള എസ്യുവികളിലൊന്ന് എന്ന വിശേഷണവുമായി കഴിഞ്ഞ നവംബറിലാണ് ഈ വാഹനം ആഗോളതലത്തില്‍ അവതരിപ്പിച്ചത്. റെഗുലര്‍ Q8-നെക്കാള്‍ സ്പോര്‍ട്ടി ഭാവത്തിലും ഡിസൈനിലുമാണ് ഈ വാഹനമെത്തുന്നത്. ഇന്റഗ്രേറ്റഡ് ഡിഫ്യൂസറും ആര്‍എസ് സ്പോയിലറും ഈ വാഹനത്തിന്റെ സ്പോര്‍ട്ടി ഭാവത്തിന് മുതല്‍കൂട്ടാണ്.
പെര്‍ഫോമെന്‍സ് വാഹനത്തിന്റെ ഭാവങ്ങള്‍ അകത്തളത്തിലുമുണ്ട്. ലെതര്‍ സ്പോര്‍ട്ട് സീറ്റുകള്‍, ലെതര്‍ ആവരണമുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, വെര്‍ച്വല്‍ കോക്പിറ്റ്, ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ ഈ വാഹനത്തിലുണ്ട്. ഇതിനുപുറമെ, ഉപയോക്താക്കളുടെ ആവശ്യത്തിന് അനസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
ഔഡിയിലെ ഏറ്റവും കരുത്തനായ വാഹനമാണിതെന്നാണ് നിര്‍മാതാക്കളുടെ വാദം. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്ജിന് 600 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ട്രിപ്പ്ട്രോണിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
ഏഴ് ഡ്രൈവ് മോഡുകളിലാണ് Q8 വിദേശനിരത്തുകളില് എത്തിച്ചിട്ടുള്ളത്. ഈ വാഹനത്തിന് 3.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെര്‍ഫോമെന്‍സ് വാഹനങ്ങളിലേക്ക് എത്തുന്ന ഈ കരുത്തന് മോഡലിന് 1.5 കോടി രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് സൂചന.
Content Highlights: Audi Performance SUV RS Q8 Ready To Launch In India
Content Highlights: