മൂന്ന് പുതിയ മോഡലുകളെത്തും, ഷോറൂമുകളുടെ എണ്ണം കൂടും; ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ കരുത്ത് കാട്ടാൻ ഔഡി

#Auto Desk
ഔഡി Q9 എസ്‌യുവി | Photo: Audi
ഔഡി Q9 എസ്‌യുവി | Photo: Audi

ഇന്ത്യയിലെ ആഡംബര വാഹന വിപണി ഓരോ വർഷവും കൂടുതൽ കരുത്താർജിക്കുകയാണ്. വിൽപ്പന കണക്കുകളിൽ ഉണ്ടായിരിക്കുന്ന കുതിപ്പ് തന്നെയാണ് ഇതിന്റെ തെളിവ്. ഈ സാഹചര്യം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയും. ഇതിനായി വിശാലമായ പദ്ധതികളാണ് ഔഡി ഇന്ത്യ ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മോഡലുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഔഡി ഇന്ത്യ പ്രധാനമായി ലക്ഷ്യമിടുന്നത്. 2027-ഓടെ ഔഡിയുടെ പുതിയ മൂന്ന് മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഔഡി Q3-യുടെ പുതിയ പതിപ്പാണ് ഇതിൽ ആദ്യത്തേത്. വരാനിരിക്കുന്ന ഉത്സവ സീസണിലായിരിക്കും ഈ മോഡൽ അവതരിപ്പിക്കുക. ഇതിനുപിന്നാലെ 2027-ന്റെ തുടക്കത്തിൽ ഔഡി A5, ഫ്‌ളാഗ്ഷിപ്പ് മോഡലായ ഔഡി Q9 എന്നിവയും ഇന്ത്യൻ നിരത്തുകളിൽ എത്തും.

ഇന്ത്യയിലെ ഔഡിയുടെ ഷോറൂമുകളുടെ എണ്ണം ഉയർത്താനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഷോറൂമുകളുടെ എണ്ണം 25 ശതമാനം വരെ ഉയർത്തുന്നതിനൊപ്പം രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ ശക്തമായ സാന്നിധ്യമാകാനും ഔഡി ഉദ്ദേശിക്കുന്നുണ്ട്. നിലവിലെ ഷോറൂമുകളിൽ കൂടുതൽ ഡിജിറ്റൽ കേന്ദ്രീകൃതമാക്കി മാറ്റനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ടെന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്.

പുതിയ വാഹനങ്ങളുടെ നിരയും വിപണിയിൽ നടത്തുന്ന വലിയ നിക്ഷേപങ്ങളിലൂടെയുമാണ് ഔഡി ഇന്ത്യ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. വിവിധ സെഗ്മെന്റുകളിലേക്ക് പുതിയ മോഡലുകൾ എത്തിക്കുന്നതിലൂടെ ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് ഔഡി ലക്ഷ്യമിടുന്നതെന്നാണ് ഔഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിങ് ധില്ലർ പറയുന്നത്.

ഉപയോക്താക്കളുടെ വരുമാനത്തിലുണ്ടാകുന്ന വർധനയും പ്രീമിയം വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതും ഇന്ത്യയിൽ ആഡംബര കാർ വിപണിക്ക് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നാണ് ഔഡി ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൃത്യമായ ഇടപെടലിലൂടെ നിലവിലെ ഔഡിയുടെ വിപണി വിഹിതം എട്ട് ശതമാനത്തിൽ നിന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഔഡി ഇന്ത്യ അറിയിച്ചു.

Content Highlights: Audi India plans to launch three new models by 2027 including Q3, A5, and Q9., Showroom network to expand by 25 percent targeting Tier-2 and Tier-3 cities., Goal to double current market share from 8 percent within the next three years.