പവർ+ലക്ഷ്വറി= ആസ്റ്റണ്‍ മാര്‍ട്ടിൻ DBX S; ലോകത്തിലെ ഏറ്റവും കരുത്തുറ്റ ആഡംബര SUV എത്തി

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ആഡംബര എസ്.യു.വി. എന്ന വിശേഷണമുള്ള വാഹനമാണ് ആസ്റ്റണ്‍ മാര്‍ട്ടിൻ ഡി.ബി.എക്‌സ്.707. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ എസ്.യു.വി. കൂടിയായ ഈ വാഹനം, പെര്‍ഫോമെന്‍സിൽ നിരത്തുകളിലെ കൊടുങ്കാറ്റും ആഡംബരത്തിന്റെ അവസാന വാക്കുമാണ്.
എന്നാൽ ഇതൊന്നും പോര എന്ന മട്ടിൽ, എസ്‌യുവിയുടെ ഒരു പുതിയ റേഞ്ച്-ടോപ്പിങ്ങ് 'S' വേരിയന്റ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ആസ്റ്റൺ മാർട്ടിൻ ആദ്യമായാണ് ഒരു എസ്‌യുവിയിൽ 'S' ബാഡ്ജ് ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാധാരണയായി ഇത് ഉയർന്ന പ്രകടനശേഷിയുള്ള സൂപ്പർകാറുകളിലാണ് കമ്പനി ഉപയോഗിച്ചിരുന്നത്.
മാറ്റങ്ങളും പ്രത്യേകതകളും
കരുത്തിലാണ് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. DBX 707ലെ അതേ 4.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. എന്നാൽ, പവർ ഔട്ട്‌പുട്ട് 727 എച്ച്.പിയായി ഉയർന്നു. ഡി.ബി.എക്‌സ്. 707യേക്കാൾ 20 എച്ച്.പിയുടെ വർധനവ്. ഇതോടെ 725 എച്ച്.പിയുള്ള ഫെരാരി പുരോസാങ്‌ഗ്വേയേക്കാളും കരുത്തനായി DBX S മാറി.
ഇലക്ട്രിഫൈഡ് അല്ലാത്ത ഏറ്റവും പവറുള്ള എസ്‌യുവിയെന്ന സ്ഥാനവും സ്വന്തം. അതേസമയം, 900 എൻഎം ടോർക്ക് ഔട്ട്‌പുട്ട് മാറ്റമില്ലാതെ തുടരുന്നു. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 3.3 സെക്കൻഡ് മാത്രമാണ്. വേരിയബിൾ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും 9-സ്പീഡ് വെറ്റ്-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും DBX 707-ൽ നിന്നും കടമെടുത്തിട്ടുണ്ട്.
ശബ്ദം വർധിപ്പിക്കുന്ന ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വാഹനത്തിലുണ്ട്. ഗിയർബോക്‌സിൻ്റെ ചെയ്ഞ്ച്-അപ്പ് പോയിൻ്റുകൾ പുനർനിർമിച്ചിട്ടുണ്ടെന്നും ആസ്റ്റൺ മാർട്ടിൻ പറയുന്നു. ഇത് സ്പോർട്ട്, സ്പോർട്ട്+ മോഡുകളിലെ ഡൗൺഷിഫ്റ്റുകൾ കൂടുതൽ അഗ്രസ്സീവ് ആക്കുന്നു. DBX 707-ൻ്റെ ഭാരത്തേക്കാൾ 47 കിലോഗ്രാം കുറവാണ് DBX S-ന്.
ഡിസൈനും ഇൻ്റീരിയറും
DBS 770 അൾട്ടിമേറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ബ്ലാക്ക് ഗ്രിൽ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, പിന്നിൽ പുനർരൂപകൽപ്പന ചെയ്ത ഡിഫ്യൂസർ, കാറിൻ്റെ വശങ്ങളിലൂടെ വായുപ്രവാഹം നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ സൈഡ് സില്ലുകൾ എന്നിവ ഉൾപ്പെടെ നിരവധി സ്റ്റൈലിങ്ങ് മാറ്റങ്ങളാണുള്ളത്. പിൻഭാഗത്ത്, ഓരോ വശത്തുമുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ലംബമായി ക്രമീകരിച്ചിരിക്കുന്നു.
707-ൽ ഇത് തിരശ്ചീന രീതിയിലായിരുന്നു.സീറ്റുകളിൽ ഹെറിങ്‌ബോൺ പാറ്റേണോടുകൂടിയ ഒരു ബെസ്‌പോക്ക് S ഡിസൈൻ ഉണ്ട്. കാർബൺ ഫൈബർ റൂഫ് തിരഞ്ഞെടുക്കുകയാണെങ്കിൽ ഇത് ഹെഡ്‌ലൈനിങ്ങിലേക്കും വ്യാപിപ്പിക്കുന്നു. അൽകാൻ്റാരയുടെ അപ്ഹോൾസ്റ്ററി സ്റ്റാൻഡേർഡ് ആണ്.
അതേസമയം സെമി-അനിലൈൻ ലെതറും ചുവന്ന സീറ്റ് ബെൽറ്റുകളും ഓപ്‌ഷണലാണ്. ഓപ്‌ഷണലായി ബോവേഴ്‌സ് ആന്റ് വിൽകിൻസിന്റെ 23-സ്പീക്കർ സിസ്റ്റവും ലഭ്യമാണ്. ഫെരാരി പുരോസാങ്‌ഗ്വേ, ലംബോർഗിനി ഉറൂസ്, പോർഷെ കയേൻ ടർബോ എന്നിവയാണ് ആസ്റ്റൺ മാർട്ടിൻ DBX S-ൻ്റെ പ്രധാന എതിരാളികൾ.
Content Highlights: Aston Martin DBX S revealed