XEV 9e ഞെട്ടിച്ചു, ഉടന്‍ ബുക്കുചെയ്യും; മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ അഭിമാനമെന്ന് എ.ആര്‍.റഹ്‌മാന്‍

എ.ആര്.റഹ്‌മാന്‍, മഹീന്ദ്ര എക്‌സ്.ഇ.വി.9ഇ | Photo: Mahindra
എ.ആര്.റഹ്‌മാന്‍, മഹീന്ദ്ര എക്‌സ്.ഇ.വി.9ഇ | Photo: Mahindra

ന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യമില്ലാത്ത ഫീച്ചറുകളുമായാണ് മഹീന്ദ്രയുടെ രണ്ട് ബോണ്‍ ഇലക്ട്രിക് മോഡലുകള്‍ എത്തിയിരിക്കുന്നത്. ഈ ഇരട്ട വാഹനങ്ങളില്‍ ബി.ഇ.6 എന്ന മോഡല്‍ അല്‍പ്പം സ്‌പോര്‍ട്ടിയാണെങ്കില്‍ എക്‌സ്.ഇ.വി. 9ഇ എന്ന മോഡല്‍ ഒരു ഫാമിലി ഇലക്ട്രിക് എസ്.യു.വിയുടെ ശ്രേണിയില്‍ പെടുന്നതാണ്. ഇന്ത്യന്‍ ടെസ്‌ല എന്ന വിശേഷിപ്പിക്കാവുന്ന ഈ വാഹനം നിരവധി ആളുകളെയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ ഓടിച്ച് ഇഷ്ടപ്പെട്ട ഈ വാഹനം ഇപ്പോള്‍ സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍.റഹ്‌മാന്റെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. മഹീന്ദ്ര എക്‌സ്.ഇ.വി.9ഇ മോഡലാണ് എ.ആര്‍. റഹ്‌മാന്‍ ബുക്കുചെയ്തിരിക്കുന്നത്. ഈ വാഹനം നല്‍കുന്ന ഫീച്ചറുകളും ഡ്രൈവിങ് അനുഭവവും ഏറെ ആകര്‍ഷിച്ചുവെന്നും ഉടന്‍ തന്നെ ഈ വാഹനം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. 

എ.ആര്‍. റഹ്‌മാന്റെ സഹകരണത്തോടെയാണ് മഹീന്ദ്ര എക്‌സ്.ഇ.വി.9ഇ, ബി.ഇ.6 മോഡലുകളിലെ ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോഡുകളുടെ ശബ്ദം, സിഗ്നല്‍ ശബ്ദങ്ങള്‍, സീറ്റ്‌ബെല്‍റ്റ് അലേര്‍ട്ട്, ടേണ്‍ ഇന്റിക്കേറ്ററുകളുടെ ശബ്ദം തുടങ്ങിയവെയ്യാം എ.ആര്‍.റഹ്‌മാനാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അമ്പരപ്പിച്ച മോഡലുകളാണിവയെന്നാണ് അദ്ദേഹം പറയുന്നത്. ലോകോത്തര നിലവാരമുള്ള വാഹനങ്ങള്‍ മഹീന്ദ്രയില്‍ നിന്ന് എത്തുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ബോണ്‍ ഇലക്ട്രിക് മോഡലുകളാണ് എക്‌സ്.ഇ.വി.9ഇ, ബി.ഇ.6 എന്നിവ. ഫ്യൂച്ചറിസ്റ്റിക് ലുക്കിലും വേള്‍ഡ് ക്ലാസ് ഫീച്ചറുകളിലും ഞെട്ടിച്ച ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബുക്കിങ്ങ്് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വാഹനങ്ങള്‍ക്ക് കൂടി 30,000-ത്തില്‍ അധികം ബുക്കിങ്ങുകളാണ് ലഭിച്ചത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വെച്ച് കണക്കാക്കിയാല്‍ ആദ്യം ദിനം 8472 കോടി രൂപയാണ് മഹീന്ദ്രയുടെ പെട്ടിയില്‍ വീണത്. 

പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ് (എക്സ്ഷോറൂം). അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര എക്സ്.ഇ.വി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇ-യുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബി.ഇ.6 പാക്ക് ടൂ വേരിയന്റിന്  21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90  ലക്ഷം രൂപയുമാണ് വില. 

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.

Content Highlights: AR Rahman impressed with mahindra newly launched electric suv XEV 9e