ഡിഫൻഡറിന്റെ ഏറ്റവും കരുത്തുറ്റ മോഡലിൽ അമിതാഭ് ബച്ചന്റെ ഡ്രൈവിങ്

#Auto Desk
അമിതാഭ് ബച്ചന്‍ ഡിഫന്‍ഡര്‍ ഒക്ട ഡ്രൈവ് ചെയ്യുന്നു | Photo: Instagram/Viralbhayani, PTI
അമിതാഭ് ബച്ചന്‍ ഡിഫന്‍ഡര്‍ ഒക്ട ഡ്രൈവ് ചെയ്യുന്നു | Photo: Instagram/Viralbhayani, PTI

ഇന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും തലമുതിർന്ന താരമാണ് അമിതാഭ് ബച്ചൻ. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടിയ അദ്ദേഹം, വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധേയനാകുന്നത് വ്യത്യസ്തമായ വാഹന ശേഖരത്തിലൂടെയാണ്. 1950-കളിൽ സ്വന്തമാക്കിയ ഫോർഡ് പ്രീഫെക്ട് മുതൽ അത്യാധുനിക ആഡംബര വാഹനങ്ങൾ വരെ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. എന്നാൽ, അടുത്തിടെ പുറത്തുവന്ന വീഡിയോയിലൂടെ അദ്ദേഹത്തിന്റെ വാഹനവും ഡ്രൈവിങ്ങും വീണ്ടും ചർച്ചയാകുകയാണ്.

ഡ്രൈവർമാരെ വെച്ച് വാഹനമോടിക്കുന്ന സാധാരണ സെലിബ്രിറ്റി രീതികളിൽ നിന്ന് വ്യത്യസ്തമായി 83-ാം വയസിലും അദ്ദേഹം തനിയെ വാഹനമോടിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഓടിച്ചിരുന്ന വാഹനമാണ് അതിലേറെ ശ്രദ്ധേയം. ലാൻഡ് റോവറിന്റെ സൂപ്പർ ഹിറ്റ് എസ്‌യുവി മോഡലായ ഡിഫൻഡറിന്റെ ഒക്ട പതിപ്പാണ് അമിതാഭ് ബച്ചൻ ഓടിക്കുന്നത്. ഡിഫൻഡർ വാഹനങ്ങളെ ഏറ്റവും കരുത്തുറ്റ മോഡലും ഉയർന്ന വകഭേദമാണ് ഒക്ട പതിപ്പ്.

ഇന്ത്യയിലെ സെലിബ്രിറ്റികളുടെ വാഹന ചോയ്സിൽ സുപ്രധാന മോഡലാണ് ലാൻഡ് റോവർ ഡിഫൻഡർ. എന്നാൽ, വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഒക്ട പതിപ്പ് സ്വന്തമായുള്ളത്. 4x4 സംവിധാനം അടിസ്ഥാന ഫീച്ചറായി ഒരുക്കിയിട്ടുള്ള മോഡലാണ് ഡിഫൻഡർ ഒക്ട. 2.60 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ മോഡൽ ഡിഫൻഡർ വാഹന നിരയിലെ ഓഫ് റോഡ് ഫോക്കസ്ഡ് പതിപ്പായാണ് വിശേഷിപ്പിക്കുന്നത്.

ഡിഫൻഡർ 90, 110 മോഡലുകളിൽ നിന്ന് മെക്കാനിക്കലായും വേറിട്ട വാഹനമാണ് ഒക്ട. 4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. പവറും 800 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. നാല് സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ എസ്.യു.വിക്ക് മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത.

റെഗുലർ ഡിഫൻഡർ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന ഡ്രൈവിങ്ങ് പൊസിഷനാണ് ഒക്ടയിൽ നൽകിയിട്ടുള്ളത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഏറ്റവും ഉയർന്ന വാട്ടർ വേഡിങ്ങ് കപ്പാസിറ്റി, 40 ഡിഗ്രി അപ്രോച്ച് ആംഗിൾ, 42 ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 29 ഡിഗ്രി ബ്രേക്ക്ഓവർ ആംഗിൾ എന്നിങ്ങനെ നൽകിയാണ് ഈ വാഹനത്തിന്റെ ഓഫ് റോഡ് ശേഷി ഉയർത്തിയിരിക്കുന്നത്. ഏത് പ്രതലത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ബേസ്‌പോക്ക് 20 ഇഞ്ച് റിമ്മും ഓൾ ടെറൈൻ ടയറുകളുമാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഏറ്റവും സ്റ്റൈലിഷായ ഓഫ് റോഡർ എന്ന വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഒക്ട. പുതുമയുള്ള ഗ്രില്ല്, വീൽ ആർച്ച്, ഫോർ എക്‌സിറ്റ് ആക്ടീവ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ എക്സ്റ്റീരിയറിൽ പുതുമയാകുമ്പോൾ 11.4 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബേൺഡ് സിയന്ന സെമി-അനിലിൻ ലെതർ, കാക്കി ഇന്റീരിയർ അപ്‌ഹോൾസ്റ്ററി, സെന്റർ കൺസോൾ ഫ്രിഡ്ജ്, പുതിയ പെർഫോമൻസ് സീറ്റുകൾ എന്നിവ ഇന്റീരിയറിന് പുതുമയേകും.

Content Highlights: Amitabh Bachchan drives his own Land Rover Defender Octa at age 83., The Defender Octa is the most powerful variant in the lineup., Powered by a 4.4L twin-turbo mild-hybrid engine producing 635 PS., Ex-showroom price in India is approximately 2.60 Crore., Features advanced off-road geometry and luxury interior upgrades.