‘വോൾവോയുടെ സുരക്ഷ’ സത്യൻ അന്തിക്കാടിന് സമ്മാനിച്ച് മകൻ അഖിൽ സത്യൻ

മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന് പുത്തൻ വാഹനം സമ്മാനിച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. അഖിലിന്റെ സൂപ്പർഹിറ്റ് ചിത്രമായ സർവം മായയുടെ വിജയാഘോത്തിനിടെയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ വോൾവോ എക്സ് സി 60 പിതാവിന് നൽകിയത്. കൊച്ചിയിലെ ഡീലർഷിപ്പിൽനിന്നാണ് വാഹനം സ്വീകരിച്ചത്.
സംവിധായകൻ ദീപു അന്തിക്കാട് ഈ സന്തോഷം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ‘ആഡംബരങ്ങളിലും സമ്മാനങ്ങളിലും താല്പര്യമില്ലാത്ത ആളാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഉപയോഗിക്കുന്നത് ആദ്യത്തെ മാരുതി 800 ഉം ഹോണ്ട സിറ്റിയും. ഹൈവേ വലുതാകുന്നു, വാഹനങ്ങളുടെ വേഗതയും, കുറച്ച് കൂടെ സേഫായ കാറ് വേണം എന്ന അഖിൽ സത്യൻ്റെ നിർബഡത്തിന് അദ്ദേഹം വഴങ്ങി. ഇത് ഗുരുവിന് ശിഷ്യൻ്റെ സമ്മാനം’ എന്നായിരുന്നു ദീപുവിന്റെ കുറിപ്പ്.
സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം നൽകി എത്തുന്ന വോൾവോ വാഹനങ്ങളിലെ സുപ്രധാന മോഡലുകളിൽ ഒന്നായ XC60-ക്ക് 67.10 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരും നടനും സംവിധായകനുമായ മേജർ രവിയും വോൾവോയുടെ ഈ കരുത്തൻ വാഹനം സ്വന്തമാക്കിയിരുന്നു. XC60-യുടെ പുതുതലമുറ മോഡൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
ഡിസൈനിൽ വരുത്തിയ മാറ്റമായിരുന്നു XC60-യുടെ ഈ വരവിലെ പ്രധാന ആകർഷണം. ഗ്രില്ലിലാണ് ഏറ്റവും ശ്രദ്ധേയമായ രൂപമാറ്റം നൽകിയത്. വെർട്ടിക്കിൾ സ്ലോട്ട് ഗ്രില്ലായിരുന്നു മുൻ മോഡലുകളിൽ നൽകിയിരുന്നതെങ്കിൽ പുതിയ മോഡലിൽ രണ്ട് വശങ്ങളിൽനിന്ന് ക്രോസായാണ് ഗ്രില്ല് നൽകിയിരിക്കുന്നത്. മുന്നിലെ ബമ്പറിന്റെ രൂപകൽപ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ്, ഡിആർഎൽ എന്നിവയുടെ ഡിസൈനിൽ മാറ്റം വരുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
മുൻ മോഡലുകളെ പോലെ തന്നെ ഫീച്ചർ സമ്പന്നമായാണ് പുതിയ XC60-യുടെയും അകത്തളം ഒരുക്കിയിരിക്കുന്നത്. 11.2 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനം, മസാജിങ് സൗകര്യവും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതുമായി മുൻനിര സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ് ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തളത്തിലെ ആഡംബരങ്ങൾ.
2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 247 ബിഎച്ച്പി പവറും 360 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനവും എൻജിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. പൈലറ്റ് അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുള്ള അഡാസ് സ്യൂട്ടാണ് ഇതിൽ സുരക്ഷ ഉറപ്പാക്കുന്നത്.
Content Highlights: Director Akhil Sathyan surprises his father, renowned filmmaker Sathyan Anthikad, with a top-rated Volvo XC60, celebrating his movie`s success. A special gift emphasizing safety.