അജിത്തിന്റെ ഗ്യാരേജിലേക്ക് ഷെവർലെയുടെ സ്പോർട്സ് കാർ; ഡെലിവറി വീഡിയോ പങ്കുവെച്ച് താരം

സിനിമ ലോകത്തും വാഹന പ്രേമികൾക്കിടയിലും ഒരുപോലെ ഫാൻബേസുള്ള താരമാണ് അജിത് കുമാർ. അദ്ദേഹത്തിൻ്റെ ഗാരേജിൽ കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരംതന്നെയുണ്ട്. ഇതിഹാസ എഫ്1 ഡ്രൈവർ അയർട്ടൻ സെന്നയുടെ പേരിലുള്ള മക്ലാരൻ സെന്ന എന്ന അപൂർവ ഹൈപ്പർകാർ സ്വന്തമാക്കിയതോടെ താരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോൾ തൻ്റെ വാഹന ശേഖരത്തിലേക്ക് ഒരു പുതിയ സ്പോർട്സ് കാർ കൂടി ചേർത്തിരിക്കുകയാണ് അജിത്. ഷെവർലെ കോർവെറ്റ് C8 Z06 റോഡ്‌സ്റ്റർ! കോർവെറ്റിൻ്റെ ഹൈ-പെർഫോമൻസ് പതിപ്പാണ് Z06. കരുത്തുറ്റ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനാണ് ഇതിലുള്ളത്. ട്രാക്കിലും റോഡിലും ഒരുപോലെ ആവേശം കൊള്ളിക്കാൻ ഈ സൂപ്പർകാറിന് കഴിയും.
കാർ ഡെലിവറി സ്വീകരിക്കുന്നതിൻ്റെ വീഡിയോ അജിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ദുബായിലെ ഒരു ഡീലർഷിപ്പിൽനിന്നാണ് ഷെവർലെ കോർവെറ്റ് അദ്ദേഹം വാങ്ങിയതെന്നും ഈ സൂപ്പർകാറിന് ഏകദേശം 624,800 ദിർഹം (ഏകദേശം 1.4 കോടി രൂപ) വില വരുമെന്നുമാണ് റിപ്പോർട്ട്.
ഷെവർലെ കോർവെറ്റ്
2021-ലാണ് C8 കോർവെറ്റ് Z06 ഷെവർലെ അവതരിപ്പിച്ചത്. പലരും ഇതിനെ പോർഷെ 911 GT3-യുടെ പ്രധാന എതിരാളി എന്ന് വിളിച്ചിരുന്നു. എൻജിനായിരുന്നു വാഹനത്തെ കുറിച്ചുള്ള ഏറ്റവും വലിയ ചർച്ചാവിഷയം. പുറത്തിറങ്ങുന്ന സമയത്ത്, ഏറ്റവും ശക്തമായ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനായിരുന്നു ഇത്.
5.5 ലിറ്റർ LT6 V8 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 670 എച്ച്പി പരമാവധി കരുത്തും 624 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 314 കി.മീ ആണ് ഈ സൂപ്പർകാറിന്റെ ഉയർന്ന വേഗത. മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.
മെഴ്‌സിഡസ് ബെൻസ് 350 GLS, ബിഎംഡബ്ല്യു 740Li, ഫെരാരി SF90, പോർഷെ GT3 RS, മക്ലാരൻ സെന്ന തുടങ്ങിയ കാറുകളും അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്. കൂടാതെ, ബിഎംഡബ്ല്യു എസ് 1000 ആർആർ, ബിഎംഡബ്ല്യു കെ 1300 എസ്, കവാസാക്കി നിഞ്ച ZX-145 തുടങ്ങിയ ഒട്ടേറെ സൂപ്പർബൈക്കുകളും അജിത്തിന്റെ ഗ്യാരേജിലുണ്ട്.
Content Highlights: Actor Ajith Kumar adds a Chevrolet Corvette C8 Z06 to his impressive car collection