ടെസ്‌ലയ്ക്കായി ഇന്ത്യയില്‍ നിക്ഷേപിക്കൂ, ഏറ്റവും മികച്ച തീരുമാനമാകും; മസ്‌കിനോട് അദാര്‍ പൂനാവാല

അദാര്‍ പൂനാവാല, ഇലോണ്‍ മസ്‌ക് | Photo: AP, AFP
അദാര്‍ പൂനാവാല, ഇലോണ്‍ മസ്‌ക് | Photo: AP, AFP

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിലാണ്. ടെസ്‌ലയുടെ സ്വന്തം ദേശമായ അമേരിക്കയിലും അടുത്തിടെ നിര്‍മാണം ആരംഭിച്ച ചൈനയിലും വാഹന രംഗത്തെ വലിയ ശക്തികേന്ദ്രമാകാന്‍ ഈ വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന വാഹന വിപണിയാണ് ഇന്ത്യയിലേതെന്ന് കാണിച്ച് സര്‍ക്കാര്‍ ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള പ്രവേശം നീണ്ടുപോകുകയാണ്.

എന്നാല്‍, ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി ടെസ്‌ലയുടെ മേധാവിയായ ഇലോണ്‍ മസ്‌കിനോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ അദാര്‍ പൂനാവാല. ഉയര്‍ന്ന നിലവാരമുള്ളതും വലിയ അളവിലുള്ള നിര്‍മാണത്തിനായുമായി ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ നിക്ഷേപം നടത്തണമെന്നാണ് അദാര്‍ പൂനാവാല ടെസ്‌ല കാര്‍ മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ട്വീറ്റിലൂടെയാണ് പൂനാവാല ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് മസ്‌കിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപം തീരുമാനം ആയിരിക്കുമെന്നാണ് പൂനാവാല അഭിപ്രായപ്പെടുന്നത്. ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിന് മുന്നോടിയായാണ് ടെസ്‌ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ടെസ്‌ലയുടെ സബ്സിഡിയറി കമ്പനി ബെംഗളൂരുവില്‍ ആരംഭിച്ചതെന്നായിരുന്നു സൂചന. ബെംഗളുരുവില്‍ ടെസ്‌ലയുടെ ഗവേഷണ വികസന കേന്ദ്രം തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറക്കിമതി തീരുവ കുറയ്ക്കണമെന്നാണ് ടെസ്‌ല പ്രധാനമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.  ഭാഗികമായി നിര്‍മിച്ച് ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്താല്‍ തീരുവയില്‍ കുറവുണ്ടാകുമെന്നും ഈ രീതിയില്‍ രാജ്യത്ത് വിദേശ കമ്പനികള്‍ വൈദ്യുത വാഹനങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. ചില നിക്ഷേപകര്‍ നിലവിലെ നികുതിയില്‍ തന്നെ ഇന്ത്യയില്‍ ഉത്പാദനം നടത്തുന്നുണ്ട്. അതുകൊണ്ട് ഇറക്കുമതിത്തീരുവ കുറയ്ക്കേണ്ടതില്ലെന്നു വ്യക്തമാണെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ വിവേക് ജോഹ്രി വ്യക്തമാക്കിയിരുന്നു.

ടെസ്‌ല കാറുകളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിലപാടെടുത്തത്. ഇറക്കുമതി ചെയ്ത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്. ഇതിനായാണ് ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ഇലോണ്‍ മസ്‌ക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് എന്നാണ് വിലയിരുത്തല്‍.

Content Highlights: Adar Poonawalla asks Elon Musk to build Tesla cars in India