റോക്സ് ഫാമിലി; മഹീന്ദ്രയുടെ സൂപ്പർസ്റ്റാറിനെ സ്വന്തമാക്കി സിമ്രാൻ

മഹീന്ദ്രയുടെ സൂപ്പർഹിറ്റ് മോഡലുകളിലൊന്നാണ് ഥാർ റോക്സ്. 2024-ൽ വിപണിയിലെത്തിയതിനു ശേഷം നിരവധി സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും ഗാരേജുകളിലേക്കാണ് ഈ സ്റ്റൈലൻ വാഹനം എത്തിയത്. ഇപ്പോഴിതാ, റോക്സ് ക്ലബ്ബിൽ ചേരുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയായിരിക്കുകയാണ് തെന്നിന്ത്യൻ താരം സിമ്രാൻ.
ഡീലർഷിപ്പിൽനിന്ന് വീട്ടിലെത്തിച്ചുനൽകിയ വാഹനം കുടുംബത്തോടൊപ്പമാണ് താരം സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബാറ്റിൽഷിപ്പ് ഗ്രേ നിറത്തിലുള്ള റോക്സാണ് അവർ തിരഞ്ഞെടുത്തത്. എന്നാൽ ഇത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. റോക്സ് കൂടാതെ നിരവധി വിലകൂടിയ കാറുകളും എസ്‌യുവികളും സിമ്രാന്റെ വാഹനശേഖരത്തിലുണ്ട്. മെഴ്സിഡീസ് ഇ-ക്ലാസ്, ഔഡി ക്യു7, മെഴ്സിഡീസ് സി-കാബ്രിയോലെറ്റ് എന്നിങ്ങനെ നീളുന്നു അത്. ടൂറിസ്റ്റ് ഫാമിലി, ഗുഡ് ബാഡ് അഗ്ലി, ശബ്ദം എന്നിവയാണ് ഈ വർഷം പുറത്തിറങ്ങിയ പ്രധാന സിമ്രാൻ ചിത്രങ്ങൾ.
ഥാർ റോക്സ്
ആറ് പ്രധാന ട്രിമ്മുകളിലും നിരവധി വേരിയൻ്റുകളിലുമായാണ് ഫൈവ്-ഡോർ ഥാർ റോക്സ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റിൽഷിപ്പ് ഗ്രേ, ബേൺഡ് സിയന്ന എന്നിങ്ങനെ ഏഴ് എക്സ്റ്റീരിയർ നിറങ്ങളിൽ വാഹനം ലഭ്യമാണ്.
2.2 ലിറ്റർ എംഹോക്ക് ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എൻജിൻ ഓപ്ഷനുകളാണുള്ളത്. 3-ഡോർ ഥാർ ഉൾപ്പെടെയുള്ള മറ്റ് മഹീന്ദ്ര മോഡലുകളിലും ഉപയോഗിക്കുന്ന അതേ എൻജിനുകളാണിവ. പെട്രോൾ, ഡീസൽ പവർട്രെയിനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും നൽകുന്നു.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഉണ്ടെങ്കിലും ഡീസല്‍ എന്‍ജിനിൽ മാത്രമാണ് 4X4 പതിപ്പ് ഉള്ളത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന്‍ 175 പി.എസ്. പവറും 370 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, 6സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 177 പി.എസ്. പവറും 375 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: actress simran Buy Mahindra Thar Roxx