പുത്തൻ വാഹനം സ്വന്തമാക്കി മംമ്ത മോഹൻദാസ്; പുതിയ അതിഥിയെ സ്വീകരിച്ചത് കുടുംബത്തോടൊപ്പം

നടി മംമ്ത മോഹൻദാസിന്റെ വാഹനപ്രേമം ഏറെ പ്രശസ്തമാണ്. വാഹനങ്ങൾ വാങ്ങിക്കുക എന്നതിലുപരി, അവയെ കുറിച്ചുള്ള വലിയ അറിവും ഡ്രൈവിങ്ങിനോടുള്ള കമ്പവുമാണ് താരത്തെ വേറിട്ടുനിർത്തുന്നത്. വാഹനങ്ങളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു നടി മലയാള സിനിമയിൽ ഉണ്ടോയെന്നതുപോലും സംശയമാണ്. പെർഫോമെൻസ് കാറുകളും ആഡംബര കാറുകളും ഉൾപ്പെടെ വലിയ ശേഖരംതന്നെ താരത്തിനുണ്ട്. ഈ കൂട്ടത്തിലേക്ക് പുതിയൊരു അതിഥികൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ടൊയോട്ട ഇന്നോവ ഹൈക്രോസ്. മാതാപിതാക്കൾക്കൊപ്പം ഷോറൂമിലെത്തിയാണ് പുത്തൻവാഹനം താരം സ്വന്തമാക്കിയത്.
മംമ്തയും കുടുംബവും ഹൈക്രോസ് സ്വീകരിക്കുന്ന വീഡിയോ കൊച്ചിയിലെ കൈരളി ടൊയോട്ട സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. തൻ്റെ ബിഎംഡബ്ല്യു Z4-ൽ മമ്ത ഡീലർഷിപ്പിൽ എത്തുന്നതാണ് വീഡിയോയിൽ ആദ്യമുള്ളത്. പിന്നീട് കുടുംബത്തോടൊപ്പം താക്കോൽ ഏറ്റുവാങ്ങുന്നതും കേക്ക് മുറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാതാപിതാക്കൾക്കുള്ളതാണ് പുതിയ വാഹനം എന്നാണ് കരുതുന്നത്. ഹൈക്രോസിന്റെ ഏത് വേരിയൻ്റാണ് താരം വാങ്ങിയതെന്ന് വ്യക്തമല്ല.
വിലകൂടിയ കാറുകൾ സ്വന്തമാക്കുന്നതിലൂടെ മംമ്ത മോഹൻദാസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. 2024 ഫെബ്രുവരിയിലാണ് അവർ ബിഎംഡബ്ല്യു Z4 M40i വാങ്ങിയത്. 2024 മേയ് മാസത്തിൽ സ്വന്തമാക്കിയ പോർഷെ ടേകാൻ ഇവി ആണ് മമ്തയുടെ ഗ്യാരേജിലെ മറ്റൊരു അംഗം. മഞ്ഞ നിറത്തിലുള്ള ഒരു പോർഷെ 911 കരേര എസും മമ്തയുടെ വാഹനശേഖരത്തിലുണ്ട്.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
2022-ലാണ് ടൊയോട്ട ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. 19.94 ലക്ഷം രൂപ മുതൽ 32.58 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ക്രിസ്റ്റയുമായി താരതമ്യം ചെയ്യുമ്പോൾ, ഹൈക്രോസിന് കുറച്ചുകൂടി എസ്‌യുവി രൂപമാണുള്ളത്. എന്നാൽ ക്രിസ്റ്റയുടേതിന് സമാനമായ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. അതേസമയം, ഇതിന് നീളവും വീതിയും കൂടുതലാണ്. കൂടുതൽ നീളമുള്ള വീൽബേസുമുണ്ട്. ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം.
ക്രിസ്റ്റയിൽനിന്ന് വ്യത്യസ്തമാണ് ഹൈക്രോസിന്റെ ഇന്റീരിയർ. ഇതിന് മൾട്ടി-ലെയേർഡ് ഡാഷ്ബോർഡ്, 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ദീർഘചതുരാകൃതിയിലുള്ള എസി വെൻ്റുകൾ, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ തുടങ്ങിയവയാണുള്ളത്. ഉയർന്ന വേരിയൻ്റുകളിൽ പാഡിൽ ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫങ്ഷൻ, ആംബിയൻ്റ് ലൈറ്റിങ്, പവേർഡ് ടെയിൽഗേറ്റ് എന്നിവയുമുണ്ട്.
ഏഴ്, എട്ട് എന്നിങ്ങനെ രണ്ട് സീറ്റിങ് കോൺഫിഗറേഷനുകൾ ലഭ്യമാണ്. ഏഴ് സീറ്റുകളുള്ള പതിപ്പിൽ മധ്യ നിരയിൽ സുഖസൗകര്യങ്ങളുള്ള, സെഗ്‌മെൻ്റിലെ ആദ്യ ഓട്ടോമൻ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. എട്ട് സീറ്റുകളുള്ള പതിപ്പിൽ മധ്യനിരയിൽ ബെഞ്ച് സീറ്റാണുള്ളത്. ടൊയോട്ടയുടെ ടിഎൻജിഎ-സി മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഹൈക്രോസ് നിർമിച്ചിരിക്കുന്നത്.
സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ഉയർന്ന വേരിയൻ്റുകളായ VX, ZX, ZX (O) എന്നിവയിൽ മാത്രമേ ലഭ്യമാകൂ. 2.0 ലിറ്റർ, നാല് സിലിണ്ടർ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈബ്രിഡിന് 184 എച്ച്പി പവറാണുള്ളത്. സാധാരണ പെട്രോൾ എൻജിൻ 172 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. സിവിടി ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. മാനുവൽ ഗിയർബോക്സ് ലഭ്യമല്ല.
Content Highlights: Actress Mamta Mohandas Buys Toyota Innova Hycross