ആദ്യ കാഴ്ചയില്‍തന്നെ ഇഷ്ടമായി, സ്‌കോഡ സ്ലാവിയയെ കൂടെകൂട്ടി അശ്വതി ശ്രീകാന്ത് | Video

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള സെഡാന്‍ മോഡലായ സ്ലാവിയ സ്വന്തമാക്കി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ വാഹനമെത്തിയ സന്തോഷം അശ്വതി ശ്രീകാന്ത് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വനിതാദിനത്തിന്റെ ഭാഗമായി കൊച്ചിയിലെ സ്‌കോഡ വിതരണക്കാരായ ഇ.വി.എം. സ്‌കോഡ നടത്തിയ വുമണ്‍സ് ഡ്രൈവ് ഈവന്റിന്റെ ഭാഗമായാണ് അശ്വതി പുതിയ വാഹനം സ്വന്തമാക്കിയത്.
ഞാന്‍ ഒരു എസ്.യു.വി. ആരാധികയാണ്. പക്ഷെ, ആദ്യ കാഴ്ചയില്‍ തന്നെ ഈ വാഹനം ഇഷ്ടമായി എന്ന കുറിപ്പോടെയാണ് അശ്വതി പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 19.13 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന സ്ലാവിയയുടെ 1.5 ലിറ്റര്‍ സ്‌റ്റൈല്‍ വേരിയന്റാണ് അശ്വതി തിരഞ്ഞെടുത്തത്. ജീപ്പ് കോംപസ്, മിനി കൂപ്പര്‍ എന്നീ മോഡലുകളാണ് അശ്വതിയുടെ വാഹനശേഖരത്തിലെ മറ്റ് മോഡലുകള്‍.
1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഈ വാഹനത്തിനുള്ളത്. മൂന്നു സിലിണ്ടര്‍ 1 ലിറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലിറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില.
ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതികുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.
4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.
Content Highlights: Actress cum anchor Aswathy Sreekanth buys Skoda Slavia