കേരളത്തിലെ ആദ്യ മോഡല്‍; 2024 റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി പുതിയ വാഹനത്തിന് സമീപം.
ഐശ്വര്യ ലക്ഷ്മി പുതിയ വാഹനത്തിന് സമീപം.

മെഴ്‌സിഡീസ് ജി.എല്‍.സി.220ഡി-ക്ക് പിന്നാലെ മറ്റൊരു ആഡംബര എസ്.യു.വി. സ്വന്തമാക്കി നടിയും നിര്‍മാതാവുമായ ഐശ്വര്യലക്ഷ്മി. ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഇവോക് മോഡലാണ് ഐശ്വര്യലക്ഷ്മിയുടെ പുതിയ വാഹനം. 2024 റേഞ്ച് റോവര്‍ ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് ഐശ്വര്യലക്ഷ്മി. 67.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനത്തിന് റോഡ് ടാക്‌സ് ഉള്‍പ്പെടെ 87.48 ലക്ഷം രൂപയാണ് കേരളത്തിലെ വില.

കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ നിന്നാണ് ഐശ്വര്യലക്ഷ്മി പുതിയ വാഹനം വാങ്ങിയത്. ട്രിബെക്ക ബ്ലൂ നിറത്തിലുള്ള വാഹനമാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

ഇതില്‍ ഇവോക്കിന്റെ ഡിസല്‍ എന്‍ജിന്‍ മോഡലായ ഡൈനാമിക് എസ്.ഇ.യാണ് നടി സ്വന്തമാക്കിയിരിക്കുന്ന മോഡല്‍. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പുതുതലമുറ ഫീച്ചറുകളുമായാണ് പുതിയ ഇവോക്ക് എത്തിയിട്ടുള്ളത്. 11.4 ഇഞ്ച് കര്‍വ്ഡ് സ്‌ക്രീന്‍, ഹീറ്റഡ് സീറ്റുകള്‍, ക്യാബിന്‍ എയര്‍ പ്യൂരിഫയര്‍, 3ഡി സറൗണ്ട് വ്യൂ നല്‍കുന്ന ക്യാമറ സിസ്റ്റം,  ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ ആന്‍ഡ് റിയര്‍വ്യൂ മിറര്‍ ഫങ്ഷണാലിറ്റി തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തിലുണ്ട്.

2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് 2024 ഇവോക്ക് നിരത്തുകളില്‍ എത്തുന്നത്. പെട്രോള്‍ 247 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ഉത്പാദിപ്പിക്കുന്നത്. 201 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് ഡീസല്‍ മോഡലിന്റെ കരുത്ത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

Content Highlights: Actress Aishwarya Lekshmi buys range rover evoque suv.