സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം; സൂരജ് തേലക്കാടിന്റെ യാത്രകള്‍ ഇനി സ്‌കോഡ സ്ലാവിയയില്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി മുഖമില്ലാതെ വേഷമിട്ടും മറ്റ് സിനിമകളിലും വേദികളിലും പൊട്ടിച്ചിരിയുടെ മാലപ്പടകം തീര്‍ക്കുന്ന കലാകാരനാണ് സൂരജ് തേലക്കാട്. പരിമിതികളെ മറിക്കടന്ന് അദ്ദേഹം ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ വാഹനം ആള്‍ട്ടോ കെ10 ആയിരുന്നെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അല്‍പ്പം വലിയ ഒരു പ്രീമിയം കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഈ ംതകലാകാരന്‍.
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ സ്ലാവിയ എന്ന പ്രീമിയം സെഡാന്‍ വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന നിമിഷം എന്ന തലക്കെട്ടോടെയാണ് തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സൂരജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ലാവിയയുടെ അംബീഷന്‍ എന്ന വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 14.30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിവരം.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്നീ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇതില്‍ 1.0 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് സൂരജ് സ്വന്തമാക്കിയത്. ഈ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നിവയാണ് ഈ വാഹനത്തിലെ ട്രാന്‍സ്മിഷനുകള്‍.
കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ളതാണ് ഈ വാഹനത്തിന്റെ ലുക്കിലെ ഹൈലൈറ്റ്. സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്ല്, എല്‍ ഷേപ്പ് എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്. ഷാര്‍പ്പ് എഡിജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, ബോണറ്റില്‍ നല്‍കിയിട്ടുള്ള ലൈനുകളും സ്‌കോഡയുടെ ലോഗോയുമാണ് സ്ലാവിയയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയി വീലും, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പും സൗന്ദര്യം വര്‍ധിപ്പിക്കും.
ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈന്‍ ചെയ്തിട്ടുള്ള അകത്തളമാണ് സ്ലാവിയയിലുള്ളത്. കറുപ്പ് നിറത്തിനൊപ്പം ആക്‌സെന്റുകല്‍ നല്‍കി അലങ്കരിച്ചിട്ടുള്ള ഡാഷ്‌ബോര്‍ഡ്, വശങ്ങളില്‍ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷ് സീറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്.
ആദ്യ വാഹനം സ്വന്തമാക്കിയ ശേഷവും ഡ്രൈവിങ്ങ് പഠിച്ചിട്ടും അദ്ദേഹത്തിന് ലൈസന്‍സ് ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഉയരക്കുറവായിരുന്നു അദ്ദേഹത്തിന് ലൈസന്‍സ് ലഭിക്കാതിരിക്കാനുള്ള കാരണമായി പറയപ്പെട്ടത്. എന്നാല്‍, അദ്ദേഹം വാഹനത്തില്‍ പ്രത്യേകം സീറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് ലൈസന്‍സ് നേടിയത്. 2020-ലായിരുന്നു അദ്ദേഹം ലൈസന്‍സ് സ്വന്തമാക്കിയത്. ഏറെ ആഗ്രഹിച്ചാണ് ലൈസന്‍സ് ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.
Content Highlights: Actor Sooraj Thelakkad buys new skoda slavia sedan, Sooraj Thelakkad, Skoda Slavia