വിവാഹ വാര്‍ഷികദിനത്തില്‍ മറ്റൊരു സന്തോഷം; സ്‌കോഡ സ്ലാവിയ സ്വന്തമാക്കി ഹരീഷ് കണാരന്‍

ഹരീഷ് കണാരന്‍ സ്വന്തമാക്കിയ സ്‌കോഡ സ്ലാവിയ | Photo:Facebook/Hareesh Kanaran
ഹരീഷ് കണാരന്‍ സ്വന്തമാക്കിയ സ്‌കോഡ സ്ലാവിയ | Photo:Facebook/Hareesh Kanaran

മലയാള സിനിമയിലെ എണ്ണം പറഞ്ഞ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ഹരീഷ് കണാരന്‍ എന്ന ഹരീഷ് പെരുമണ്ണ. ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥിയായി എത്തിയിരിക്കുന്നത് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പുറത്തിറക്കിയ സെഡാന്‍ മോഡലായ സ്ലാവിയായാണ്. അദ്ദേഹം തന്നെയാണ് തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ ഒരു മോഡല്‍ കൂടി എത്തിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

തന്റെ വിവാഹ വാര്‍ഷികം പ്രമാണിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ദൈവാനുഗ്രഹത്താല്‍ ഒരു കാര്‍ സ്വന്തമാക്കി എന്ന കുറപ്പോടെയാണ് പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കെ.എല്‍.85 സി 5454 എന്ന ഫാന്‍സി നമ്പര്‍ ഉള്‍പ്പെടെയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. സ്ലാവിയയുടെ ഏത് വേരിയന്റാണ് ഹരീഷ് കണാരന്‍ തിരഞ്ഞെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. മൂന്നു സിലിണ്ടര്‍ 1.0 ലിറ്റര്‍ മോഡലിന് 110 പി.എസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്. 1.0 ലിറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ്ഷോറൂം വില. 

ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതികുറഞ്ഞ ബ്ലാക്ക് ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് സ്ലാവിയയുടെ എക്സ്റ്റീരിയറിലെ അലങ്കരിക്കുന്നത്. 

4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് സ്ലാവിയയുടെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കും.

Content Highlights: Actor Hareesh Kanaran Buys Skoda Slavia sedan