ഈ വിലയിൽ മറ്റൊന്നില്ല! ഇന്ത്യയിൽ പുതിയൊരു 7 സീറ്റർ MPV; ഗ്രാവൈറ്റ് പുറത്തിറക്കി നിസാൻ

കോംപാക്ട് എംപിവി ഗ്രാവൈറ്റ് ഇന്ത്യയിൽ പുറത്തിറക്കി നിസ്സാൻ. റെനോ ട്രൈബറിൻ്റെ അതേ CMF-A+ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രാവൈറ്റിന്റെ എക്സ്റ്റീരിയരും ഇൻ്റീരിയറും. എന്നാൽ ഡിസൈൻ രീതികളിൽ വ്യത്യാസങ്ങളുണ്ട്.
നിസ്സാൻ ഗ്രാവൈറ്റ് എക്സ്റ്റീരിയർ ഡിസൈൻ
ഗ്രാവൈറ്റിൻ്റെ രൂപകൽപ്പന ട്രൈബറിനെയാണ് അടിസ്ഥാനമാക്കുന്നത്. എന്നിരുന്നാലും, നിസാൻ എംപിവിയിൽ പുതിയ ഡിആർഎൽ, പുതിയ വീൽ ഡിസൈൻ, സി-ആകൃതിയിലുള്ള സിൽവർ ഇൻസെർട്ടുകളുള്ള റീഡിസൈൻ ചെയ്ത ബമ്പറുകൾ, ബോണറ്റിലും ടെയിൽഗേറ്റിലും 'ഗ്രാവൈറ്റ്' എന്ന എഴുത്ത് എന്നിവയുണ്ട്.
ഫോറസ്റ്റ് ഗ്രീൻ, ഓണിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്നോ വൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലും ഗ്രാവൈറ്റ് ലഭ്യമാണ്. ഗ്രാവൈറ്റിൻ്റെ പരിമിതമായ ലോഞ്ച് എഡിഷനും (1,001 യൂണിറ്റുകൾ) പുറത്തിറക്കുന്നുണ്ട്.
ഇൻ്റീരിയർ, ഫീച്ചറുകൾ
ലേഔട്ട്, 5+2 സീറ്റിങ് കോൺഫിഗറേഷൻ എന്നിവയിൽ ഗ്രാവൈറ്റ് ട്രൈബറിന് സമാനമാണ്. എന്നാൽ കളർ സ്കീമുകൾ വ്യത്യസ്തമാണ്. ഡാഷ്ബോർഡിന്റെ ഡിസൈൻ ലളിതമാണ്. ഒരു ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, മൂന്ന് ക്ലൈമറ്റ് കൺട്രോൾ നോബുകൾ, ധാരാളം സ്റ്റോറേജ് സ്പേസുകൾ, 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, റെയിൻ-സെൻസിങ് വൈപ്പറുകൾ, ആറ് എയർബാഗുകൾ, പിന്നിൽ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പാർക്കിങ് സെൻസറുകൾ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജിങ് പാഡ്, കൂൾഡ് ഗ്ലോവ് ബോക്സ്, റിവേഴ്സ് ക്യാമറ, ടയർ-പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ. ഗ്രാവൈറ്റ് ലോഞ്ച് എഡിഷനിൽ അധികമായി ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ-ചാനൽ ഡാഷക്യാം, ആംബിയൻ്റ് ലൈറ്റിങ്, ക്യാബിൻ എയർ പ്യൂരിഫയർ എന്നിവയും ഉൾക്കൊള്ളുന്നു.
എൻജിനും ഗിയർബോക്സും
72 എച്ച്പിയും 96 എൻഎം ടോർക്കും നൽകുന്ന ട്രൈബറിൻ്റെ 1.0 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ തന്നെയാണ് ഗ്രാവൈറ്റിലും ഉപയോഗിക്കുന്നത്. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി യുമായി ജോടിയാക്കും.
പെട്രോൾ-എംടിക്ക് കമ്പനി 19.3 കിലോമീറ്ററും എഎംടി പതിപ്പിൽ 19.6 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. ഡീലർ-ഫിറ്റ് ഡ്യുവൽ-സിലിണ്ടർ സിഎൻജി കിറ്റും ഉടൻ നിസാൻ പുറത്തിറക്കും. ഇത് മാനുവൽ പതിപ്പിൽ മാത്രമായിരിക്കും ലഭിക്കുക. 5.65 ലക്ഷം രൂപ മുതൽ 8.93 ലക്ഷം രൂപ വരെയാണ് വില (എക്സ് ഷോറൂം).
Content Highlights: Explore the all-new Nissan Gravite compact MPV in India! Discover its competitive pricing, Triber-inspired design, and feature-rich interior. Book yours today!