50,000 പിന്നിട്ട് നിസ്സാൻ മാഗ്നൈറ്റിന്റെ കയറ്റുമതി, നേട്ടം വേഗത്തിലാക്കി ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മോഡൽ

photo:nissan
photo:nissan

കൊച്ചി: നിസ്സാൻ മാഗ്നൈറ്റിന്റെ 50,000 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് നിസ്സാൻ മോട്ടോർ ഇന്ത്യ. ഫെബ്രുവരിയിൽ 6,239 യൂണിറ്റുകൾ കൂടി കയറ്റുമതി ചെയ്തതോടെയാണ് ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽ.എച്ച്‌.ഡി.) വിപണികളിലേക്കുകൂടി കയറ്റുമതി ആരംഭിച്ചത് നേട്ടം വേഗത്തിലാക്കി. ഫെബ്രുവരി മാസം ആഭ്യന്തര വിപണിയിൽ 2,328 വാഹനങ്ങൾ കൂടി വിറ്റഴിച്ച് കയറ്റുമതിയുൾപ്പെടെ 8,567 വാഹനങ്ങളുടെ മൊത്ത വിൽപ്പനയും നിസ്സാൻ സ്വന്തമാക്കി.

സ്റ്റിയറിങ് വീൽ ഇടതുവശത്തേക്ക് പുനസ്ഥാപിച്ചതല്ലാതെ മറ്റു മാറ്റങ്ങൾക്കൊന്നും എൽ.എച്ച്‌.ഡിയിൽ കമ്പനി മുതിർന്നിട്ടില്ല. എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ, സുരക്ഷ, പവർട്രെയിൻ എന്നിവയെല്ലാം സമാനമാണ്. മുഖം മിനുക്കിയെത്തിയ മാ​ഗ്നറ്റ് ആറു വേരിയന്റുകളിലാണ് നിലവിൽ ലഭ്യമാകുന്നത്.  

1.0 ലിറ്റര്‍ പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനും ടര്‍ബോ എന്‍ജിനും ഉണ്ട്. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ടര്‍ബോ എന്‍ജിന്‍ 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 5സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. ഗിയര്‍ബോക്‌സുകളാണുള്ളത്. 

ഇന്ത്യയില്‍ നിലവില്‍ മാഗ്‌നൈറ്റ്  മാത്രമാണ് നിസാന്‍ നിര്‍മിക്കുന്നത്. രണ്ടാമത്തെ മോഡലായ എക്‌സ്-ട്രെയില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനമാണ്. ഇന്ത്യയിലെ വ്യവസായം ശക്തിപ്പെടുത്തുന്നതിനൊപ്പം കയറ്റുമതി കേന്ദ്രമായാണ് നിസാൻ ഇന്ത്യയെ പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലാണ് നിസാന്റെ വാഹന നിര്‍മാണ കേന്ദ്രം.
 

Content Highlights: 50000 in exports of Nissan Magnite