അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; ടൈഗൂണിന്റെ നിർമാണം തുടങ്ങിയെന്ന് ഫോക്‌സ്‌വാഗൺ

#Auto Desk
പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo:VW
പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo:VW

ന്ത്യയുടെ മിഡ്‌സൈസ് എസ്‌യുവി ശ്രേണിക്ക് ഫോക്‌സ്‌വാഗൺ സമ്മാനിച്ചിട്ടുള്ള മോഡലാണ് ടൈഗൂൺ. 2021-ൽ വിപണിയിൽ എത്തിയ ഈ വാഹനം അതിന്റെ ആദ്യ മുഖംമിനുക്കലിന് ഒരുങ്ങുകയാണ്. ഏപ്രിൽ ഒമ്പതിന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായി ഫോക്‌സ്‌വാഗൺ അറിയിച്ചു. കമ്പനിയുടെ പൂണെയിലെ പ്ലാന്റിലാണ് പുതിയ ടൈഗൂണിന്റെ നിർമാണം പുരോഗമിക്കുന്നത്.

ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങിയ ആദ്യ വാഹനത്തിന്റെ ചിത്രം ഉൾപ്പെടെയാണ് പ്രൊഡക്ഷൻ ആരംഭിച്ച വിവരം നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡ്രൈവിങ് സ്വഭാവം പഠിച്ച് പ്രാദേശികമായി നിർമിക്കുന്ന വാഹനമാണ് ടൈഗൂൺ എസ്‌യുവി എന്നാണ് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ, ഫോർ ഇന്ത്യ ആൻഡ് ദി വേൾഡ് കൺസെപ്റ്റിലാണ് ഈ എസ്‌യുവിയുടെ വരവ്.

ടൈഗൂണിന്റെ മുൻ മോഡൽ ഉണ്ടാക്കിയ ശക്തമായ അടിത്തറയാണ് പുതിയ മോഡലിന് ആത്മവിശ്വാസം നൽകുന്നത്. ഡിസൈനിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളും ഫീച്ചറുകളിലും സാങ്കേതിക സംവിധാനത്തിലും വരുത്തുന്ന കൂട്ടിച്ചേർക്കലുകളുമായാണ് പുതിയ ടൈഗൂൺ എത്തുന്നത്. യൂറോപ്യൻ ഡ്രൈവിങ് ഡൈനാമിക്‌സ്, മികച്ച യാത്രാസുഖം, ഫൈവ് സ്റ്റാർ റേറ്റിങ് സുരക്ഷ തുടങ്ങിയവയാണ് പുതിയ പതിപ്പിലും ഉറപ്പു വരുത്തിയിരിക്കുന്നത്.

എക്സ്റ്റീരിയർ ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ടൈഗൂൺ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ ലാമ്പ്, കണക്ടഡ് ലൈറ്റ് സ്ട്രിപ്പ്, ഡിസൈൻ മാറ്റം വരുത്തിയിരിക്കുന്ന ടെയ്ൽ ലൈറ്റ് അതിനെ കണക്ട് ചെയ്ത് നൽകിയിട്ടുള്ള ലൈറ്റ് ബാർ, അലോയി വീലുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് നൽകിയിട്ടുള്ള പുതിയ ബമ്പർ, ഇല്ലുമിനേറ്റ് ചെയ്യുന്ന ഫോക്‌സ്‌വാഗൺ ലോഗോ എന്നിവയാണ് ഈ വാഹനത്തിലെ ഡിസൈൻ മാറ്റങ്ങൾ.

ഇന്റീരിയറിന്റെ ലേഔട്ടിലും മറ്റും കാര്യമായ അഴിച്ചുപണി വരുത്താനിടയില്ല. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയരിങ് വീൽ, ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനൽ, വയർലെസ് ഫോൺ ചാർജിങ്, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് അകത്തളത്തിൽ നൽകുന്ന ഫീച്ചറുകൾ. ചിലപ്പോൾ സ്‌കോഡ കുഷാഖിലേതിന് സമാനമായി റിയർ മസാജ് സീറ്റും നൽകിയേക്കാം.

മെക്കാനിക്കൽ ഫീച്ചറുകളിൽ പുതുമകളൊന്നും പ്രവചിക്കുന്നില്ലെങ്കിലും സ്‌കോഡയുമായി പ്ലാറ്റ്‌ഫോമും എൻജിനും ട്രാൻസ്മിഷനും പങ്കുവയ്ക്കുന്ന വാഹനമായതിനാൽ തന്നെ ചിലപ്പോൾ കുഷാഖിൽ നൽകിയ എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക ട്രാൻസ്മിഷനും നൽകിയേക്കും. 1.0 ലിറ്റർ പെട്രോൾ ടർബോ, 1.5 ലിറ്റർ പെട്രോൾ ടർബോ എൻജിനുകളിലാണ് ഈ വാഹനം എത്തുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് എന്നീ ട്രാൻസ്മിഷനുകളാണ് ഇതിൽ വരിക.

Content Highlights: Production of the 2026 Taigun facelift officially started at the Pune plant., Features updated LED lighting, connected light bars, and illuminated VW logo., Retains high safety standards with 5-star GNCAP rating expectations., Equipped with 1.0L and 1.5L TSI turbo petrol engines., Interior retains premium tech like 10.25-inch infotainment and panoramic sunroof.