ഇന്ത്യൻ നിരത്തുകളിലെ ജർമൻ കരുത്ത്; പുതിയ മുഖവുമായാണ് ഇനി ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ കുതിപ്പ്

#Auto Desk
പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen
പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen

പോളോ, ടൈഗൂൺ. ഫോക്‌സ്‌വാഗൺ എന്ന ജർമൻ ആഡംബര വാഹന നിർമാതാക്കൾക്ക് ഇന്ത്യയിൽ ചുവടുറപ്പിച്ച് നിൽക്കാനുള്ള കരുത്ത് പകർന്ന രണ്ട് മോഡലുകളാണിവ. ഇതിൽ പോളോ നിരത്തൊഴിഞ്ഞെങ്കിലും ഇന്നും കരുത്തോടെ നിലനിൽക്കുന്ന വാഹനമാണ് ടൈഗൂൺ. 2021-ൽ ഇന്ത്യയിൽ എത്തിയ ഈ വാഹനം ഇരട്ടി കരുത്തോടെ ഒരിക്കൽക്കൂടി എത്തിയിരിക്കുകയാണ്. ഇനി മുഖംമിനുക്കിയ ടൈഗൂൺ ആണ് വിപണിയിൽനിന്ന് നിരത്തുകളിലേക്ക് എത്തുന്നത്.

രണ്ട് എൻജിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുമായി ടൈഗൂണിന്റെ ഏഴ് വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 11 ലക്ഷം രൂപ മുതൽ 19.3 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുള്ള ബൈ ബാക്ക് ഓഫറാണ് പുതിയ ടൈഗൂണിന്റെ സവിശേഷത. മൂന്ന് വർഷമോ, 30000 കിലോമീറ്ററോ വരെ എക്‌സ്‌ഷോറൂം വിലയുടെ 75 ശതമാനം വരെ ബൈ ബാക്ക് പദ്ധതിയിൽ ഉറപ്പാക്കും.

സ്‌കോഡ കുഷാഖുമായി പ്ലാറ്റ്‌ഫോം ഉൾപ്പെടെ പങ്കിട്ട് എത്തുന്ന വാഹനമാണ് ടൈഗൂൺ. എന്നാൽ, പ്രാരംഭ വിലയിൽ കുഷാഖിനെക്കാൾ 31,000 രൂപയുടെ അധിക വിലയും ടൈഗൂണിനുണ്ട്. കുഷാഖിൽ നൽകിയിട്ടുള്ളതിന് സമാനമായ മെക്കാനിക്കൽ സംവിധാനങ്ങളോടെയാണ് ടൈഗൂൺ എത്തിയിട്ടുള്ളത്. സ്‌കോഡ കുഷാഖ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര തുടങ്ങിയ വാഹനങ്ങളുമായാണ് ടൈഗൂൺ മത്സരിക്കുന്നത്.

മെക്കാനിക്കൽ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് പുതിയ ടൈഗൂൺ എത്തിയിരിക്കുന്നത്. 115 പിഎസ് പവറും 178 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ പെട്രോൾ ടർബോ, 150 പിഎസ് പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ ടർബോ എൻജിനുകളിലാണ് ഈ വാഹനം എത്തുന്നത്. 1.5 ലിറ്റർ എൻജിൻ മോഡലിനൊപ്പം ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷനുകളാണ് നൽകുന്നതെങ്കിലും 1.0 ലിറ്റർ പതിപ്പിൽ എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്.

എക്സ്റ്റീരിയർ ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങൾവരുത്തിയാണ് പുതിയ ടൈഗൂൺ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലാമ്പ്, കണക്ടഡ് ലൈറ്റ് സ്ട്രിപ്പ്, ഡിസൈൻ മാറ്റം വരുത്തിയിരിക്കുന്ന ടെയ്ൽ ലൈറ്റ് അതിനെ കണക്ട് ചെയ്ത് നൽകിയിട്ടുള്ള ലൈറ്റ് ബാർ, അലോയി വീലുകൾ, ഫോക്സ് സ്‌കിഡ് പ്ലേറ്റ് നൽകിയിട്ടുള്ള പുതിയ ബമ്പർ, ഇല്ലുമിനേറ്റ് ചെയ്യുന്ന ഫോക്സ്വാഗൺ ലോഗോ എന്നിവയാണ് ഈ വാഹനത്തിലെ ഡിസൈൻ മാറ്റങ്ങൾ.

ഇന്റീരിയറിന്റെ ലേഔട്ടിലും മറ്റും കാര്യമായ അഴിച്ചുപണി വരുത്തിയിട്ടില്ല. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയരിങ് വീൽ, ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനൽ, വയർലെസ് ഫോൺ ചാർജിങ്, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് അകത്തളത്തിൽ നൽകുന്ന ഫീച്ചറുകൾ. എസി പെർഫോമെൻസ് മികച്ചതാക്കുന്നതിനായി വേരിബിൾ ജ്യോമെട്രി കംപ്രസ്സർ നൽകിയതും പുതുമയാണ്.

Content Highlights: Updated 2026 design with new LED light bars and alloy wheels., Dual engine options: 1.0L TSI and 1.5L TSI with advanced transmission choices., Attractive 75% buy-back scheme for 3 years or 30,000 km., Premium interior features including digital cockpit and ventilated seats.