ആറ് എയർ ബാഗും ക്യാപ്റ്റൻ സീറ്റുകളും; ആ പഴയ ആളല്ല ഇനി മാരുതി ഈക്കോ

photo:maruti suzuki
photo:maruti suzuki

പാസഞ്ചർ വാൻ, ആംബുലൻസ്, കാർഗോ വാൻ തുടങ്ങിയ റോളുകളെല്ലാം ഭം​ഗിയായി കൈകാര്യം ചെയ്യുന്ന വാഹനമാണ് മാരുതി സുസുക്കി ഈക്കോ. കുടുംബ ഉപഭോക്താക്കൾക്ക് അത്രയധികം പ്രിയങ്കരനല്ലെങ്കിലും വാണിജ്യ മേഖലയിലെ ജനപ്രിയ വാഹനമാണ് ഇത്. സ്ഥലസൗകര്യം, ഡിസൈൻ, മികച്ച കരുത്ത് തുടങ്ങിയ സവിശേഷതകളാണ് ഈക്കോയെ ഈ സ്ഥാനത്തെത്തിച്ചത്. 2010 മുതൽ നിരത്തുകളിൽ എത്തിത്തുടങ്ങിയ ഈ വാഹനം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 12 ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്. 

ഇപ്പോഴിതാ, സുരക്ഷയിലടക്കം മാറ്റങ്ങളുമായി ഈക്കോ എംപിവിയുടെ 2025 പതിപ്പ് എത്തിയിരിക്കുകയാണ്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകി എന്നതാണ് പ്രധാന സവിശേഷത. മുൻപുണ്ടായിരുന്ന 7സീറ്റ് വേരിയന്റ് നിർത്തലാക്കി, പകരം പുതിയ 6സീറ്റ് ലേഔട്ടിലേക്ക് ഈക്കോയെ മാറ്റി എന്നതും പ്രധാന മാറ്റമാണ്. ഇക്കോയുടെ 5സീറ്റ് വേരിയന്റുകളിൽ മാറ്റമൊന്നുമില്ല. 

മാറ്റങ്ങൾ അടുത്തറിയാം

സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മാരുതി സുസുക്കി. ആൾട്ടോ കെ10, ബ്രെസ്സ, സെലേറിയോ തുടങ്ങിയ മോഡലുകളിൽ ഈയിടെ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സുസുക്കി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഈക്കോ വാനിലും ആറ് എയർബാ​ഗ് സജ്ജമാക്കിയിരിക്കുന്നത്. നേരത്തേ ഇക്കോയിൽ രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 7സീറ്റ് ലേഔട്ട് ഒഴിവാക്കി പകരം, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളോടെയാണ് 6സീറ്റ് ലേഔട്ട്  ഒരുക്കിയത്. 

അതേസമയം, എക്സ്റ്റീരിയറിലോ ഇന്റീരിയറിലോ പ്രധാന മാറ്റങ്ങൾ ഇല്ല. എന്നാൽ എയർബാ​ഗുകളെ ഉൾക്കൊള്ളുന്നതിനായി റൂഫ് ലൈനറുകളിൽ വ്യത്യാസങ്ങൾ കാണാം. സീറ്റ് അപ്ഹോൾസ്റ്ററിയിലും മാറ്റമുണ്ട്. മുൻപ് പിവിസി സീറ്റ് ആയിരുന്നുവെങ്കിൽ ഇപ്പോഴിത് ഫാബ്രിക് സീറ്റായി മാറി. മുൻ സീറ്റുകൾ പിന്നിലേക്ക് ചരിക്കാനും ഇപ്പോൾ സാധിക്കും. നേരത്തേ ഇത് ഉള്ളിലേക്കായിരുന്നു മടക്കാൻ സാധിച്ചിരുന്നത്. 
 
ആറ് എയർബാഗുകൾക്ക് പുറമേ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ആന്റി-ലോക്ക് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് എന്നിവയും പുതിയ ഇക്കോയിലുണ്ട്. 

80 എച്ച്പി കരുത്തും 105.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണുള്ളത്. 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോ​ഗിക്കാവുന്ന (E20) സംവിധാനവും പുതിയ ഇക്കോയിലുണ്ട്. 72 എച്ച്പി കരുത്തും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു സിഎൻജി വേരിയന്റും ഉണ്ട്. 5സീറ്റ് വേരിയന്റുകളിൽ മാത്രമേ സിഎൻജി ലഭ്യമാകൂ. 6സീറ്റ് ഈക്കോ മോഡലുകൾ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭിക്കൂ.

മാറ്റങ്ങൾ വന്നതോടെ വാഹനത്തിന്റെ വിലയിൽ 25,500 രൂപയുടെ വർധനവുമുണ്ട്. എൻട്രി ലെവൽ 5സീറ്റ് വേരിയന്റ് 5.69 ലക്ഷം രൂപയ്ക്കും ടോപ്പ്-സ്പെക്ക് 5സീറ്റർ എസി സിഎൻജി വേരിയന്റ് 6.95 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. 5.98 ലക്ഷം രൂപയാണ്  6സീറ്റർ ഈക്കോയുടെ വില (വിലകളെല്ലാം എക്സ് ഷോറൂം). 


  
  
 

Content Highlights: 2025 Maruti Suzuki Eeco comes with 6 airbags