എല്ലാരും വില കൂട്ടിയപ്പോൾ ഫോര്‍ഡ് കുറച്ചു; ഫീച്ചര്‍ ഉയര്‍ത്തി വില കുറച്ച് പുതിയ ഇക്കോസ്‌പോര്‍ട്ട്

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ കേമനായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. എല്ലാ കമ്പനികളേയും പോലെ ഫീച്ചറുകള്‍ ഉയര്‍ത്തിയാണ് 2021 ഇക്കോസ്‌പോര്‍ട്ടും എത്തിയിട്ടുള്ളത്. എന്നാല്‍, മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി പുതിയ മോഡല്‍ എത്തിയതോടെ വിലയില്‍ കാര്യമായ കുറവ് വരുത്തിയാണ് ഫോര്‍ഡ് ഈ പുതിയ പതിപ്പ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
ഈ വരവില്‍ ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം എന്ന വേരിയന്റിലും സണ്‍ റൂഫ് നല്‍കിയിട്ടുണ്ട്. ടൈറ്റാനിയം പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ വേരിയന്റുകളിലായിരുന്നു മുമ്പ് ഈ ഫീച്ചര്‍ നല്‍കിയിരുന്നത്. ഇതിനുപുറമെ, ഫോര്‍ഡ് വികസിപ്പിച്ച വണ്‍ സ്‌റ്റോപ്പ് സ്മാര്‍ട്ട് ഫോണ്‍ ആപ്പായ ഫോര്‍ഡ്പാസ് ടി.എം. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും 2021 ഇക്കോസ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
ഫോര്‍ഡ്പാസ് സംവിധാനം നല്‍കിയതോടെ കണക്ടഡ് കാര്‍ എന്നും ഇക്കോസ്‌പോര്‍ട്ടിനെ വിശേഷിപ്പിക്കാന്‍ കഴിയും. ആപ്പിന്റെ സഹായത്തോടെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ലോക്ക്/ അണ്‍ലോക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗ് തുടങ്ങിയവയും ഈ വരവിലെ പ്രത്യേകതകളാണ്.
വിലയില്‍ വരുത്തിയിട്ടുള്ള മാറ്റമാണ് പ്രധാന ആകര്‍ഷണം. ഇക്കോസ്‌പോര്‍ട്ടിന്റെ അടിസ്ഥാന വേരിയന്റ് ആയ ആബിയന്റിന് മുന്‍ മോഡലിനെക്കാള്‍ 20,000 രൂപയും ട്രെന്റിന് 35,000 രൂപയും ടൈറ്റാനിയും പ്ലസിന് 39,000 രൂപയുമാണ് കുറഞ്ഞത്. ഇക്കോസ്‌പോര്‍ട്ട് പെട്രോള്‍ മോഡലിന് 7.99 ലക്ഷം മുതല്‍ 11.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.69 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്നിവയാണ് ഇക്കോസ്‌പോര്‍ട്ടിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 120 ബി.എച്ച്.പി.പവറും 149 എന്‍.എം.ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 215 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഇക്കോസ്‌പോര്‍ട്ടില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: 2021 Ford Ecosport Launch With Sunroof, Price Reduced
Content Highlights: