റോഡ്‌സ്റ്ററിന്റെ എഴുന്നള്ളത്ത്! യെസ്ഡിയുടെ പറക്കുന്ന കുതിരയുമായി മൈസൂരുവിൽനിന്നും മടിക്കേരിയിലേക്ക്

#സി.സജിത്
യെസ്ഡി റോഡ്സ്റ്റർ
യെസ്ഡി റോഡ്സ്റ്റർ

മൈസൂരുവെന്ന കൊട്ടാരനഗരത്തിലെ രാജവീഥികളിൽ കഴിഞ്ഞദിവസം മറ്റൊരു കാഹളമുയർന്നു. ഈറ്റില്ലത്തിൽനിന്ന് തട്ടകത്തിലേക്കൊരു പടയോട്ടത്തിന്റെ കാഹളം. യെസ്ഡിയുടെ ഈറ്റില്ലമായ മൈസൂരുവിൽനിന്നും മടിക്കേരിയെന്ന മലമടക്കുകളിലേക്കുള്ള യാത്രയായിരുന്നു അത്. കൂട്ടിന് യെസ്ഡിയുടെ ഏറ്റവും പുതിയ റോഡ്സ്റ്ററും. അൻപതോളം റോഡ്സ്റ്ററുകളുടെ പുകക്കുഴലുകളിൽനിന്നും പുറപ്പെട്ട ശബ്ദം വെടിയൊച്ചകളെ ഓർമപ്പെടുത്തി. പുതിയ യെസ്ഡി റോഡ്സ്റ്ററിനെ അടുത്ത് പരിചയപ്പെടുത്താനായിരുന്നു തിരക്കേറിയ നഗരപാതകളും ഒഴിഞ്ഞ ഹൈവേകളും വളഞ്ഞുതിരിഞ്ഞ മലമ്പാതകളും എല്ലാം ഉൾപ്പെട്ട യാത്ര.

എന്തിനും ഏതിനും കൊള്ളാം

മൈസൂരുവിലെ നഗരഹൃദയത്തിൽ തിരക്കേറിവരുന്ന സമയത്തായിരുന്നു യാത്രയുടെ ആരംഭം. ഇഗ്‌നീഷ്യൻ ബട്ടനിൽ ഒന്ന് തൊട്ടപ്പോൾ തന്നെയുയർന്നു പഴയ ഗൃഹാതുരത്വമുണർത്തുന്ന ശബ്ദം. ആ ടൂസ്‌ട്രോക്ക് എൻജിനിൽനിന്നും വ്യത്യസ്തമായി അല്പംകൂടി ഗാംഭീര്യം കൂടിയിട്ടുണ്ട്. അതുതന്നെയാണ് പുതിയ റോഡ്സ്റ്ററിന്റെ ഹൈലൈറ്റ്. വഴികാട്ടികളുടെ പുറകേ പതുക്കെ നീങ്ങിയപ്പോൾതന്നെ കൈയിലുള്ളത് പറക്കുന്ന കുതിരയാണെന്ന് മനസ്സിലായത്. 

333 സിസി ലിക്വിഡ് കൂൾഡ് രണ്ടാംതലമുറ ആൽഫ ടു എൻജിന്റെ കരുത്ത് ശരിക്കും അനുഭവിച്ചറിയാം. നഗരത്തിരക്കിൽ ഊളിയിട്ട് നീങ്ങുമ്പോൾ സ്‌ളിപ്പർ ആൻഡ് അസിസ്റ്റ് ക്ളച്ചിന്റെ ഗുണവും അറിയാം. ഗിയർഷിഫ്റ്റിങ്ങിന്റെ ബുദ്ധിമുട്ടിന് ബൈ പറയാനാകുന്നുണ്ട്. താഴ്ന്ന സീറ്റിങ് സാധാരണക്കാരന് സുഖപ്രദമാവുന്നു. നഗരത്തിരക്ക് കഴിഞ്ഞ് പിന്നീട് മടിക്കേരി ഹൈവേയിലേക്ക് പ്രവേശിച്ചതോടെ രൂപംമാറി. സിറ്റി മോഡിൽനിന്ന് പവർ മോഡിലേക്കൊരു മാറ്റം. ഹാൻഡിലിലെ എം എന്നെഴുതിയ സ്വിച്ചിൽ മൂന്നുസെക്കൻഡ് അമർത്തിപ്പിടിച്ചാൽ മതി. ക്ളസ്റ്ററിൽ പി എന്ന അക്ഷരം തെളിഞ്ഞുവരും. പിന്നൊന്നും നോക്കേണ്ട. 

വേഗം വെറും അക്കങ്ങൾ മാത്രമായി മാറും. കുതിച്ചുപായുമ്പോൾ ഒരു ഇളക്കവും അനുഭവപ്പെടുന്നില്ലെന്നത് മറ്റൊരുകാര്യം. മുന്നിലെ ടാക്കോമീറ്ററിൽ മൂന്നക്കം കടക്കുമ്പോഴും വിറയ്ക്കുന്നില്ല. ഗിയർഷിഫ്റ്റിങ്ങിലെ കൃത്യമായ അനുപാതം കുതിപ്പിന് ശക്തിപകരുന്നുണ്ട്. മാറിയ സസ്പെൻഷനും ശരിക്ക് ഗുണംചെയ്തിട്ടുണ്ട്. ഹമ്പുകളിലും മലമ്പാതകളിലും അതിന്റെ ഗുണമറിയാൻ കഴിഞ്ഞു. 29 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. ഹൈവേയിൽ അതിനടുത്തൊക്കെ നോക്കിയപ്പോൾ കണ്ടു. 

12.5 ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി. വൃത്താകൃതിയിലുള്ള എൽസിഡി കൺസോളാണ് മുന്നിലുള്ളത്. ഉയരത്തിനനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്നതുകൊണ്ട് തെളിച്ചമുണ്ട്. ബ്രേക്കിങ്ങും വളരെ മെച്ചപ്പെട്ടു. എബിഎസിന്റെ പിന്തുണകൂടി വന്നതോടെ വണ്ടിയിൽ ധൈര്യം കൂടി. വേഗംകൂടുമ്പോഴും പേടി മനസ്സിൽ നിന്ന് അകറ്റാൻ ഇതുംകൂടി കാരണമായിട്ടുണ്ട്. മേമ്പൊടിക്ക് മികച്ച റോഡ്ഗ്രിപ്പ് നൽകുന്ന വലിയ ടയറുകളും വന്നു. മുന്നിൽ പതിനെട്ടിഞ്ചും പിന്നിൽ പതിനേഴിഞ്ചുമാണ്.

Content Highlights: Experience the thrill of the new yezdi Roadster on a ride from Mysore to Madikeri.