യെസ്ഡിക്കായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം; പൈതൃകം പേറുന്ന ആ പേര് ക്ലാസിക് ലെജന്‍ഡ്‌സിന് സ്വന്തം

യെസ്ഡി എന്ന പേര് പതിച്ച ബൈക്കുകള്‍ എല്ലാ കാലത്തും വാഹനപ്രേമികളുടെ ഹരമാണ്. യെസ്ഡി എന്ന ബൈക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തകളെ ഏറെ ആവേശത്തോടെ തന്നെയായിരുന്നു ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ ആഘോഷിച്ചത്. എന്നാല്‍, ഈ വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ നിയമകുരുക്കുകളും ഓരോന്നായി എത്തിതുടങ്ങി. യെസ്ഡി എന്ന പേര് ഉപയോഗിക്കാന്‍ നിലവില്‍ ഈ വാഹനം വിപണിയില്‍ എത്തിക്കുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്ക് അവകാശമില്ലാെന്നായിരുന്നു യെസ്ഡിയുടെ ആദ്യകാല ഉടമകളായ ഐഡിയല്‍ ജാവ വാദിച്ചത്.
നിയമ പോരാട്ടത്തിനൊടുവില്‍ ആദ്യ ഉടമകളായ ഐഡിയല്‍ ജാവയ്‌ക്കൊപ്പമായിരുന്നു വിജയം. യെസ്ഡി എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് ക്ലാസിക് ലെജഡ്‌സിനെ വിലക്കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് 2022-ല്‍ ഇവര്‍ സമ്പാദിച്ചത്. എന്നാല്‍, വീണ്ടും തുടര്‍ന്ന നിയമ പോരാട്ടത്തില്‍ ഐഡിയല്‍ ജാവയ്ക്ക് അനുകൂലമായി ലഭിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ ക്ലാസിക് ലെജന്‍ഡ്‌സിന് യെസ്ഡി എന്ന പേര് ഉപയോഗിക്കുന്നതില്‍ നിയമപരമായ തടസ്സമില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകനായ ബൊമൻ ഇറാനി സ്വന്തമാക്കിയ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ സാധുവാണെന്നും എല്ലാ ട്രേഡ് മാര്‍ക്ക് നിയമങ്ങളും പാലിച്ചാണ് ഇത് സ്വന്തമാക്കിയതെന്നുമാണെന്നും വിലയിരുത്തിയ കോടതി ഐതിഹാസിക യെസ്ഡി ബ്രാന്റിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നല്‍കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇറാനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
1996-ലാണ് ഐഡിയല്‍ ജാവ, ബൈക്കുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നത്. 2001-ഓടെ കമ്പനി ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തു. ഇതേതുടര്‍ന്ന് 2007-ല്‍ യെസ്ഡി എന്ന പേരിന്റെ ട്രേഡ് മാര്‍ക്ക് നഷ്ടപ്പെടുകയും തൊട്ടടുത്ത വര്‍ഷം തന്നെ ഈ പേര് രജിസ്റ്ററില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. 15 വര്‍ഷമായി ഈ പേരിനുള്ള ട്രേഡ് മാര്‍ക്ക് പുതുക്കുകയോ രജിസ്റ്ററില്‍ നിന്ന് നീക്കിയത് ഐഡിയല്‍ ജാവ ചോദ്യം ചെയ്തിരുന്നില്ല. ഇത് പേര് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി കോടതി കണക്കാക്കുകയായിരുന്നു.
അതിനുശേഷം 2013-ല്‍ ബൊമാന്‍ ഇറാനി യെസ്ഡി എന്ന പേര് സ്വന്തമാക്കുന്നതിനായി നിയമപരമായി തന്നെ നീങ്ങുകയായിരുന്നു. യെസ്ഡി എന്ന ബ്രാന്റിന് പുനര്‍ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് നിയമപരമായ എല്ലാ പിന്തുണയും ലഭിച്ചുവെന്നാണ് ബൊമാന്‍ ഇറാനി അഭിപ്രായപ്പെട്ടത്. കുട്ടിക്കാലം മുതല്‍ എന്റെ ഭാഗമായിരുന്ന യെസ്ഡി ബ്രാന്റിനെ അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള എന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: After years of legal fights, Classic Legends has secured the rights to the iconic Yezdi motorcycle brand. Discover the story behind the comeback!