ഇത് എന്താ ബൈക്ക് ഷോറൂമോ?; ധോണിയുടെ ബൈക്ക് ശേഖരം കണ്ട് കണ്ണുതള്ളി വെങ്കിടേഷ് പ്രസാദ് | Video

സ്‌പോര്‍ട്‌സില്‍ ആയാലും സിനിമയിലായാലും ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു സെലിബ്രിറ്റി വേറെയുണ്ടാകുമോ എന്നത് സംശയമാണ്. പറയുന്നത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ വാഹനശേഖരത്തെ കുറിച്ചാണ്. മോട്ടോര്‍ സൈക്കിളുകളാണ് ധോണിയുടെ ഗ്യാരേജില്‍ ഏറെയുമുള്ളത്. അതില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിന്റേജ് ബൈക്കുകള്‍ മുതല്‍ നിരത്തുകളില്‍ ചീറിപായുന്ന സൂപ്പര്‍ ബൈക്കുകള്‍ വരെയുണ്ടെന്നതാണ് കൗതുകം.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലും അദ്ദേഹത്തിന്റെ വാഹന ഗ്യാരേജിലും നടത്തിയ സന്ദര്‍ശനത്തെയും തുടര്‍ന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയും അതിലെ കുറിപ്പുമാണ് ധോണിയുടെ വാഹനശേഖരത്തെ കുറിച്ചുള്ള ചര്‍ച്ച നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ കാരണം. അദ്ദേഹത്തിന്റെ ഫാം ഹൗസ് നിറഞ്ഞാണ് ബൈക്കുകള്‍ നിരന്നിരിക്കുന്നത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും 100 എണ്ണത്തില്‍ അധികം വരുമെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്തോരു മനുഷ്യനാണ് മഹേന്ദ്ര സിങ്ങ് ധോണി, എന്തൊരു ശേഖരമാണ് അദ്ദേഹത്തിന്, ഞാന്‍ ഒരു വ്യക്തിയില്‍ കണ്ട ഏറ്റവും വലിയ അഭിനിവേശമാണിത്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ ഫാം ഹൗസിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരങ്ങളുടെ കാഴ്ചയാണിത്. എന്ന കുറിപ്പോടെയാണ് പഴയതും പുതിയതുമായ വാഹനങ്ങളുടെ വലിയ കളക്ഷന്റെ വീഡിയോ വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഞാന്‍ റാഞ്ചിയില്‍ എത്തുന്നത് ആദ്യമായല്ല, ഇത് നാലാം തവണയാണ് ഞാന്‍ റാഞ്ചി സന്ദര്‍ശിക്കുന്നത്. പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം വീഡിയോയില്‍ ധോണിയുടെ ഭാര്യയോട് പറയുന്നത്. മുന്‍ ക്രിക്കറ്റ് താരമായ സുനില്‍ ജോഷിക്കും ഇതേ അഭിപ്രായമാണ് ധോണിയുടെ വാഹനശേഖരം സംബന്ധിച്ചുള്ളത്. റാഞ്ചിയില്‍ ആദ്യമായല്ലെങ്കിലും ഒരു ലെജന്റിനൊപ്പം ആദ്യമാണ്. അതുപോലെ ഇത്തരത്തിലുള്ള ഒരു സെറ്റപ്പിലും ആദ്യമായാണെന്നാണ് വാഹനശേഖരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
എന്തിനാണ് ഇത്രയും ബൈക്കുകള്‍ എന്ന് ധോണിയുടെ ഭാര്യയും ചോദിക്കുന്നത് വീഡിയോയിലുണ്ട്. എല്ലാം നീയല്ലേ എടുക്കുന്നത്. എനിക്ക് എന്തെങ്കിലും എന്റേതായി വേണ്ടേ എന്നാണ് ധോണി സാക്ഷിക്ക് നല്‍കുന്ന മറുപടി. നിങ്ങള്‍ അനുവദിക്കുന്ന ഒരേയൊരു കാര്യം ഇത് മാത്രമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
Content Highlights: Venkatesh Prasad visit MS Dhoni bike collection at his Ranchi farmhouse