ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി പെട്രോളുമില്ല; ഇരുചക്രവാഹന യാത്രക്കാരെ മര്യാദ പഠിപ്പിക്കാനൊരുങ്ങി യോഗി

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം. യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഡ്രൈവര്‍ ധരിച്ചിട്ടുണ്ടെങ്കിലും പോലീസുകാര്‍ നടപടിയില്‍ നിന്ന് ചിലപ്പോഴൊക്കെ ഒഴിവാക്കാറുണ്ട്. എന്നാല്‍, ഹെല്‍മറ്റ് ബാധകമേയല്ലെന്ന് ചിന്തിക്കുന്ന ചില റൈഡര്‍മാരുമുണ്ട്. ഇത്തരം ആളുകളെ മര്യാദ പഠിപ്പിക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹെല്‍മറ്റ് ധരിച്ച് എത്തുന്ന ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് മാത്രം ഇനി പെട്രോള്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനായി നോ ഹെല്‍മറ്റ് നോ ഫ്യുവല്‍ എന്ന പേരിലാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിയായാണ് സര്‍ക്കാര്‍ ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഹെല്‍മറ്റ് ധരിച്ചെത്തുന്ന ആളുകള്‍ക്ക് മാത്രം ഇന്ധനം നല്‍കിയാല്‍ മതിയെന്നാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പമ്പ് ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഹെല്‍മറ്റ് ഇല്ലാത്തവരെ ശിക്ഷിക്കുന്നതിന് വേണ്ടിയല്ല ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹന ഉപയോക്താക്കളില്‍ സുരക്ഷിതമായ ഡ്രൈവിങ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും റൈഡിങ്ങിലെ അച്ചടക്കം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമം അനുസരിച്ച് വേഗത കുറച്ചുമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഉപമുഖ്യമന്ത്രിയും അറിയിച്ചു.
സംസ്ഥാനത്തെ ഓരോ ജില്ലകളിലേയും റോഡ് സുരക്ഷ സമിതികളുമായി സഹകരിച്ച് ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും ഈ ക്യാമ്പയിന്‍ നടത്തുന്നത്. ഹെല്‍മറ്റ് ധരിക്കാതെയും നിയമം ലംഘിച്ചും പെട്രോള്‍ പമ്പുകളില്‍ എത്തുന്നവര്‍ക്ക് ഇന്ധനം നല്‍കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി പമ്പുകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. ഇത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ നീക്കം. 2022-ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 41,746 അപകടങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2023-ല്‍ ഇത് 44,534 ആയി ഉയര്‍ന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. ഈ ക്യാമ്പയിനിലൂടെ ബൈക്ക് യാത്രക്കാരില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനും അപകടം കുറയ്ക്കാനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Content Highlights: Uttar Pradesh Enforces Helmet Use Through "No Helmet, No Fuel" Campaign