ഇവി ബൈക്കുകളിലെ കരുത്തൻ, ഇനി 'നിവർന്നിരുന്ന്' ഓടിക്കാം, അൾട്രാവയലറ്റ് എഫ് 77 സൂപ്പർ സ്ട്രീറ്റ് എത്തി

മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് സൂപ്പർ ബൈക്ക് എന്ന വിശേഷണവുമായി എത്തിയ അൾട്രാവയലറ്റ് എഫ് 77 മോഡലിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. എഫ് 77 സൂപ്പർ സ്ട്രീറ്റ് എന്നാണ് കമ്പനി ഈ വേരിയന്റിന് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെതന്നെ നഗരയാത്രകൾക്ക് കൂടുതൽ സൗകര്യകരമാകുന്ന രീതിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
2022-ൽ കമ്പനി ആദ്യം പുറത്തിറക്കിയ എഫ്77 എന്ന പെർഫോമെൻസ് ഇലക്ട്രിക് ബൈക്കിന്റെ മുഖംമിനുക്കിയ പതിപ്പായിട്ടായിരുന്നു മാക്ക് 2 എത്തിയത്. ഈ മോഡലിൽനിന്ന് ഡിസൈനിൽ കാര്യമായ അഴിച്ചുപണി വരുത്തിയിട്ടില്ലെങ്കിലും ചില വ്യത്യാസങ്ങൾ സൂപ്പർ സ്ട്രീറ്റിൽ കാണാം. അതേസമയം, പവർ ഉൾപ്പടെ സാങ്കേതിക വശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
എഫ് 77 സൂപ്പർ സ്ട്രീറ്റ്, എഫ് 77 സൂപ്പർ സ്ട്രീറ്റ് റീകോൺ എന്നിങ്ങനെ ബേസ്, ടോപ് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 2,99,000, 3,99,000 എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. നടൻ ദുൽഖർ സൽമാന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാവയലറ്റ്.
ഡിസൈൻ
ബോഡി പാനലിലും മറ്റും ഒരു സ്‌ക്രൂ പോലും പുറത്തുകാണാതെയുള്ള ഡിസൈൻ രീതിയാണ് ആദ്യമോഡൽ മുതൽ അൾട്രാവയലറ്റ് പിൻതുടർന്നത്. പുതിയ വേരിയന്റിലും ആ കാര്യത്തിൽ യാതൊരു മാറ്റവുമില്ല. സൂപ്പർ സ്ട്രീറ്റിലെ കാര്യമായ മാറ്റം എന്നത് റൈഡിങ് പൊസിഷനിലാണ്.
മുൻ വേരിയന്റിനെ അപേക്ഷിച്ച് കുറേകൂടി നിവർന്നിരുന്ന് ആയാസരഹിതമായി ഓടിക്കാനാകുമെന്നതാണ് പ്രത്യേകത. ഇതിനായി വീതി കൂടിയ പുതിയ ഹാൻഡിൽ ബാറും നൽകി. കൂടാതെ വായു സഞ്ചാരം എളുപ്പമാക്കാനുളള ഡിസൈൻ രീതികളും ഉപയോഗിച്ചിട്ടുണ്ട്.
മോട്ടോറും ബാറ്ററിയും 50:50 എന്ന വെയിറ്റ് റേഷ്യൂവിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത് വാഹനത്തിന് മികച്ച സ്റ്റെബിലിറ്റി നൽകുന്നുണ്ട്. ടർബോ റെഡ്, ആഫ്റ്റർ ബർണർ യെല്ലോ, സ്റ്റെല്ലർ വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ വാഹനം ലഭിക്കും. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സൂപ്പർ സ്ട്രീറ്റ് റീകോൺ
ഉയർന്ന വേരിയന്റായ സൂപ്പർ സ്ട്രീറ്റ് റീകോണിന് 40.2 ബി.എച്ച്.പി. പവറും 100 എൻ.എം. ടോർക്കുമേകുന്ന 10.3 kWh ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 323 കിലോമീറ്റർ റേഞ്ചാണ് നിർമാതാക്കൾ വാഹനത്തിന് അവകാശപ്പെടുന്നത്. മണിക്കൂറിൽ 155 കിലോമീറ്റർ പരമാവധി വേഗതയെടുക്കാനും സാധിക്കും.
കേവലം 7.7 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഉണ്ട്. സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ 20%-80% ചാർജാകാൻ വേണ്ടത് അഞ്ച് മണിക്കൂറാണ്. ഇത് ബൂസ്റ്റ് ചാർജറിൽ 20%-80% ചാർജാകാൻ വേണ്ടത് രണ്ടര മണിക്കൂറും. 800എം.എം ആണ് സീറ്റ് ഹൈറ്റ്. 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. 1340 ആണ് വീൽബേസ്. 207 കിലോഗ്രാമാണ് ഭാരം.
സൂപ്പർ സ്ട്രീറ്റ്
36.2 എച്ച്.പി പവറും 90 എൻ.എം. ടോർക്കുമേകുന്ന 7.1 kWh ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 211 കിലോമീറ്ററാണ് റേഞ്ച്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 7.8 സെക്കന്റ് മാത്രമാണ്. മണിക്കൂറിൽ 155 കിലോമീറ്റർ പരമാവധി വേഗതയെടുക്കാനും കഴിയും. സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ 20%-80% ചാർജാകാൻ വേണ്ടത് മൂന്ന് മണിക്കൂറാണ്. ഇത് ബൂസ്റ്റ് ചാർജർ ആകുമ്പോൾ 20%-80% ചാർജാകാൻ ഒന്നര മണിക്കൂർ മാത്രം മതി. 800എം.എം ആണ് സീറ്റ് ഹൈറ്റ്. 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. 1340 ആണ് വീൽബേസ്. 197 കിലോഗ്രാമാണ് ഭാരം.
സുരക്ഷ
4 ലെവൽ ട്രാക്ഷൻ കൺട്രോൾ, 10 ലെവൽ റീജനറേഷൻ ബ്രേക്കിങ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡ്യുവൽ ചാനൽ എബിഎസ്, ഹിൽ ഹോൾഡ്, ആൻഡി കൊളീഷൻ വാണിങ്, ക്രാഷ് അലർട്ട് എന്നീങ്ങനെ നീളുന്ന സുരക്ഷാ സംവിധാനങ്ങൾ. കൂടാതെ ഗ്ലൈഡ്, കോംപാക്ട്, ബലസ്റ്റിക് എന്നീ മൂന്ന് റൈഡ് മോഡുകളും ഉണ്ട്. ഇവയെല്ലാം ബേസ്, ടോപ് എൻഡ് വേരിയന്റുകൾ അനുസരിച്ച് ഓപ്ഷനുകളായിട്ടാവും ലഭിക്കുക.
Content Highlights: Ultraviolette F77 SuperStreet Launched