ഹയാബൂസയ്ക്ക് 25 വയസ്; സില്‍വര്‍ ജൂബിലി കളറാക്കാന്‍ പ്രത്യേക പതിപ്പുമായി സുസുക്കി

സുസുക്കി ഹയാബൂസ ആനിവേഴ്‌സറി സെലിബ്രേഷന്‍ എഡിഷന്‍ | Photo: Suzuki India
സുസുക്കി ഹയാബൂസ ആനിവേഴ്‌സറി സെലിബ്രേഷന്‍ എഡിഷന്‍ | Photo: Suzuki India

രുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വേഗതയുള്ള ബൈക്ക്, ഈ ഒരു വിശേഷണത്തിലൂടെ ഏത് വാഹനപ്രേമിക്കും രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഈ ബൈക്കിന്റെ പേര് പറയാന്‍ കഴിയും. സുസുക്കി ഹയാബൂസ. തൊണ്ണൂറുകളുടെ അവസാനത്തില്‍ നിരത്തുകളില്‍ എത്തി ലോകത്താകമാനം ചര്‍ച്ചയായിരുന്നു സുസുക്കിയുടെ ഈ സൂപ്പര്‍ ബൈക്ക് ഇന്ന് 25-ന്റെ നിറവിലാണ്. സില്‍വര്‍ ജൂബിലി ആഘോഷമാക്കുന്നതിനായി ഒരു ആനിവേഴ്‌സറി സെലിബ്രേഷന്‍ എഡിഷന്‍ എത്തിച്ചിരിക്കുകയാണ് സുസുക്കി. 

25 ആനിവേഴ്‌സറി സെലിബ്രേഷന്‍ എഡിഷന്‍ എന്ന പേരില്‍ എത്തിച്ചിരിക്കുന്ന പുതിയ ഹയാബൂസയ്ക്ക് 17.7 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതായത് റെഗുലര്‍ പതിപ്പിനെക്കാള്‍ 80,000 രൂപ അധികമാണ് ഈ പ്രത്യേക പതിപ്പിന്റെ വില. സുസുക്കിയുടെ ജന്മനാട് ഉള്‍പ്പെടെയുള്ള വിദേശ നിരത്തുകളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എത്തിയിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം കഴിഞ്ഞ ദിവസമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 

ഗ്ലാസ് ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഹയാബൂസയുടെ ആനിവേഴ്‌സറി സെലിബ്രേഷന്‍ എഡിഷന്‍ സുസുക്കി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഫ്രണ്ട് ബ്രേക്ക് ഇന്നര്‍ റോട്ടര്‍, ചെയില്‍ അഡ്ജസ്റ്റര്‍ എന്നിവിടങ്ങളില്‍ ഗോള്‍ഡന്‍ ഫിനീഷിങ്ങാണ് നല്‍കിയിരിക്കുന്നത്. ഡ്രൈവ് ചെയിനില്‍ ഹയാബൂസ കാഞ്ചി ലോഗോയും നല്‍കിയിട്ടുണ്ട്. സിംഗിള്‍ സീറ്റ് കൗള്‍ ഈ ബൈക്കിള്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്. 25 ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജിങ്ങും സുസുക്കി ലോഗോയും ഫ്യുവല്‍ ടാങ്കിലും നല്‍കുന്നു.

മറ്റ് ഡിസൈനുകള്‍ എല്ലാം ഹയാബൂസയുടെ റെഗുലര്‍ മോഡലിന് സമമാണ്. മെക്കാനിക്കലായും മാറ്റങ്ങള്‍ വരുത്താതെയാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിച്ചിരിക്കുന്നത്. 1340 സി.സി. ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ പ്രത്യേക പതിപ്പിലുമുള്ളത്. 187 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനത്തിന്റെ കരുത്ത്. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ സംവിധാനത്തിലുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

നാല് ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കളുടെ സ്പീഡ് വാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മത്സരത്തിന്റെ ഭാഗമായി 1999-ലാണ് ഹയാബൂസ പിറവിയെടുക്കുന്നത്. ഏറ്റവും വേഗതയുള്ള ബൈക്ക് ആര് നിര്‍മിക്കുമെന്ന മത്സരത്തിനൊടുവിലാണ് മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗതയുമായി ഹയാബൂസ എത്തുന്നത്. വേഗതയില്‍ എപ്പോഴും മുന്നില്‍ നിന്നിരുന്ന കവാസാക്കിയുടെ മോഡലിനെ ഹോണ്ട സൂപ്പര്‍ ബ്ലാക്ക്‌ബേര്‍ഡ് എന്ന ബൈക്കിലൂടെ പരാജയപ്പെടുത്തിയപ്പോള്‍ ഹയാബൂസ എത്തിച്ച് ഈ വാഹനത്തിന്റെ ആധിപത്യം സുസുക്കി തകര്‍ക്കുകയായിരുന്നു.

Content Highlights: Suzuki Hayabusa 25th Anniversary Celebration Edition Launched In India