ബൈക്ക് ചോദിച്ചപ്പോള്‍ ഷാരൂഖ് ഖാന്‍ സമ്മാനിച്ചത് ഏറ്റവും മികച്ച ബൈക്ക്; അനുഭവം പറഞ്ഞ് ജോണ്‍ എബ്രഹാം

2023-ല്‍ ഒരുപക്ഷെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയചിത്രമായിരുന്നു പഠാന്‍. 1000 കോടി രൂപയ്ക്ക് മുകളിലായിരുന്നു ഈ ചിത്രം വാരിക്കൂട്ടിയത്. ഷാരൂഖ് ഖാന്‍ നായകനും ദീപിക പദുകോണ്‍ നായികയുമായി ചിത്രത്തില്‍ പ്രതിനായകനായി എത്തിയത് ജോണ്‍ എബ്രഹാം ആയിരുന്നു. ഈ ചിത്രത്തിലെ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാനില്‍ നിന്ന് ലഭിച്ച സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വേദയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ പഠാന് മികച്ച സ്വീകാര്യത ലഭിച്ച് തുടങ്ങിയതിന് പിന്നാലെ സിനിമയുടെ വിജയം ആഘോഷിക്കുന്നതിനായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന്‍ നേരിട്ടാണ് പാര്‍ട്ടിക്കായി തന്നെ ക്ഷണിച്ചത്. എന്നാല്‍, താന്‍ വളറെ അധികം ക്ഷീണിതനാണെന്നും കുറച്ച് സമയം ഉറങ്ങണമെന്നും അദ്ദേഹത്തെ അറിയിച്ചു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നുമാണ് ഷാരൂഖിനോട് പറഞ്ഞത്.
എന്റെ സഹാചര്യം മനസിലാക്കിയ അദ്ദേഹം പിന്നീട് നിര്‍ബന്ധിച്ചില്ല. പകരം നിനക്ക് എന്താണ് സമ്മാനമായി വേണ്ടതെന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക് ഒരു മോട്ടോര്‍സൈക്കിള്‍ മതിയെന്ന് ഞാനും മറുപടി നല്‍കി. എന്നാല്‍, 17 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള സുസുക്കി ഹയാബൂസ ബൈക്ക് സമ്മാനിച്ചാണ് അദ്ദേഹം എന്നെ ഞെട്ടിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കിങ് ഖാന്‍ എന്ന് വിളിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഷാരുഖ് എന്നാണ് ജോണ്‍ എബ്രഹാം പറഞ്ഞത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബൈക്ക് പ്രേമിയായാണ് ജോണ്‍ എബ്രഹാമിനെ വിശേഷിപ്പിക്കുന്നത്. ആഡംബര ബൈക്കുകളുടെ വലിയ ശേഖരം തന്നെയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. കവാസാക്കി നിഞ്ച ZX-14R, ഏപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാറ്റി പാനിഗാലെ വി4, എം.വി അഗസ്റ്റ F3 800, യമഹ വി-മാക്സ്, ബി.എം.ഡബ്ല്യുവിന്റെ എസ് 100 ആര്‍.ആര്‍, സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡ്,അപ്രീലിയ ആര്‍.എസ്.457, സുസുക്കി ഹയാബൂസ തുടങ്ങിയ ബൈക്കുകളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.
20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വേഗതയുള്ള ബൈക്ക് എന്ന വിശേഷണം സ്വന്തം പേരിനൊപ്പം ചേര്‍ത്തിട്ടുള്ള സൂപ്പര്‍ ബൈക്കാണ് സുസുക്കി ഹയാബൂസ. 1340 സി.സി. ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കില്‍ കരുത്തേകുന്നത്. 187 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനത്തിന്റെ കരുത്ത്. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ സംവിധാനത്തിലുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.
Content Highlights: Shah Rukh Khan Gifted John Abraham A suzuki hayabusa Bike After Pathaan Success