റോയൽ എൻഫീൽഡിന്റെ 250 CC ഹൈബ്രിഡ് ബൈക്ക്! സഹകരണത്തിന് ചൈനീസ് വാഹനഭീമൻ, റിപ്പോർട്ട്

റോയല്‍ എന്‍ഫീല്‍ഡ് ബീര്‍ 650 | Photo: Royal Enfield
റോയല്‍ എന്‍ഫീല്‍ഡ് ബീര്‍ 650 | Photo: Royal Enfield

റോയൽ എൻഫീൽഡ് അവരുടെ അടുത്ത തലമുറ 250 സിസി എഞ്ചിൻ സാങ്കേതികവിദ്യക്കായി ചൈനീസ് മോട്ടോർസൈക്കിൾ ഭീമനായ സിഎഫ് മോട്ടോയുമായി നടത്തിയ ചർച്ചകൾ അവസാന​ഘട്ടത്തിലെന്ന് റിപ്പോർട്ട്. 'വി' എന്ന കോഡ് നാമമാണ് ഈ നീക്കത്തിന് എൻഫീൽഡ് നൽകിയിരിക്കുന്നത്. ഒരു പുതിയ ബൈക്ക് പുറത്തിറക്കുക എന്നതിലുപരി, കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുക, എൻട്രി-പ്രീമിയം വിപണി പ്രയോജനപ്പെടുത്തുക, ഹൈബ്രിഡ് പവേർഡ് ഭാവിക്കുള്ള അടിത്തറ പാകുക എന്നിവയ്ക്കെല്ലാം വേണ്ടിയുള്ള നീക്കമാണിത്. ഷാങ്ഹായ് മോട്ടോർ ഷോയ്ക്കിടെ സിഎഫ് മോട്ടോയുടെയും മറ്റ് വിതരണക്കാരുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ റോയൽ എൻഫീൽഡിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്തിടെ ചൈന സന്ദർശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയുടെ കർശനമായ ബിഎസ്-6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളും ശരാശരി ഇന്ധനക്ഷമത മാനദണ്ഡങ്ങളും പാലിക്കുന്ന തരത്തിലാണ് സിഎഫ്‌മോട്ടോയിൽ നിന്നുള്ള ഈ 250 സിസി എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലുപ്പത്തിൽ ചെറുതും ഇന്ധനക്ഷമതയുമാണ് എൻജിന്റെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ ഇൻ്റേണൽ കംബസ്ഷൻ രൂപത്തിൽ (ഐസിഇ എൻജിൻ) 40-45 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടാതെ, ഹൈബ്രിഡ് സജ്ജീകരണത്തിന് അനുയോജ്യമായ രീതിയിലാണ് ഇവയുടെ രൂപകൽപ്പനയെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മൈൽഡ്-ഹൈബ്രിഡ് അല്ലെങ്കിൽ ഫുൾ-ഹൈബ്രിഡ് മോഡലുകളിലേക്ക് മാറാനും ഇതോടെ എളുപ്പത്തിൽ സാധിക്കും. എൻജിനിൽ ചെലവേറിയ പരിഷ്കാരങ്ങൾ കൂടാതെ ഇവ നടപ്പിലാക്കാം.

എൻജിൻ സാങ്കേതികവിദ്യ സിഎഫ്‌ മോട്ടോയിൽ നിന്നാണെങ്കിലും, റോയൽ എൻഫീൽഡ് തങ്ങളുടെ തനതായ ഡിഎൻഎ നിലനിർത്തും. ഷാസി, സസ്പെൻഷൻ, ഡിസൈൻ എന്നിവ പൂർണമായും റോയൽ എൻഫീൽഡിനുള്ളിൽ തന്നെ ചെയ്യും. സാങ്കേതിക സഹകരണം മാത്രമായാണ് ഈ പങ്കാളിത്തത്തെ കണക്കാക്കുന്നത്. സംയുക്ത ബ്രാൻഡിലുള്ള ബൈക്കുകളോ സംയുക്ത സംരംഭങ്ങളോ നിലവിൽ പരിഗണനയിലില്ല. റോയൽ എൻഫീൽഡിൽനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, ഈ കരാർ നടപ്പാവുകയാണെങ്കിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'വി' പ്ലാറ്റ്‌ഫോം ഒരു സാങ്കേതിക നാഴികക്കല്ല് എന്നതിലുപരി, അതിവേഗം വളരുന്ന എൻട്രി-പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള റോയൽ എൻഫീൽഡിൻ്റെ ശ്രമംകൂടിയാണ്. 1.25–1.35 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) വില നിശ്ചയിച്ചിട്ടുള്ള പുതിയ 250 സിസി മോഡലുകൾ, ഹണ്ടർ 350-ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. ഇത് ആദ്യമായി പ്രീമിയം ബൈക്ക് വാങ്ങുന്നവരെയും 100–150 സിസി ബൈക്കുകളിൽനിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവരെയുമാകും ലക്ഷ്യമിടുക.  

Content Highlights: Royal Enfield talks with CFMoto for 250cc hybrid engines