റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ക്ലബ്ബിലേക്ക് ക്ലാസിക്കും; ഓട്ടോഷോയില്‍ തിളങ്ങി ക്ലാസിക് 650

Photo: Royal Enfield
Photo: Royal Enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സി.സി. എന്‍ജിന്‍ മോഡലുകളുടെ നിര കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ട്വിന്‍ മോഡലുകളില്‍ തുടങ്ങി, മീറ്റിയോര്‍, ഷോട്ട്ഗണ്‍, ബെയര്‍ തുടങ്ങിയ മോഡലുകള്‍ ഈ എന്‍ജിനുമായി എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ 350 സി.സി ബൈക്കുകളിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കും 650 സി.സി. എന്‍ജിനില്‍ എത്തുകയാണ്. മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ 2024-ലാണ് ക്ലാസിക് 650 പ്രദര്‍ശനത്തിന് എത്തിയത്. 

ഈ മാസം അവസാനത്തോടെ ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സില്‍ ക്ലാസിക് 650 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിലാനില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ അനുസരിച്ച് ഡിസൈനില്‍ റെഗുലര്‍ ക്ലാസിക്കിന് സമാനമാണ് കരുത്തേറിയ ഈ പതിപ്പും. റൗണ്ട് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ഷേപ്പ് ഫ്യുവല്‍ ടാങ്ക്, റൗണ്ട് ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ പീഷൂട്ടര്‍ എക്‌സ്‌ഹോസ്റ്റ്, അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിലുള്ളത്. 

ക്ലാസിക് 650-യുടെ മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ള സ്‌പോക്ക് വീലും പിന്നില്‍ 18 ഇഞ്ച് വലിപ്പമുള്ള ടയറുകളുമാണ് നല്‍കുന്നത്. 154 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം 800 എം.എം. സീറ്റ് ഹൈറ്റുമുള്ള ക്ലാസിക് 650-ക്ക് 243 കിലോഗ്രാമാണ് ആകെ ഭാരം. 14.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. വല്ലം റെഡ്, ബ്ലാക്ക് ക്രോം, ബ്ലണ്ടിംഗ്‌തോര്‍പ്പ് ബ്ലൂ, ടീല്‍ എന്നീ നാല് പുതിയ നിറങ്ങളിലുമെത്തുന്ന ഈ മോഡലായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ബൈക്കുകളില്‍ ഏറ്റവും വില കുറവുള്ള മോഡല്‍.  

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന കൊണ്ടിനെന്റല്‍ ജി.ടി, ഇന്റര്‍സെപ്റ്റര്‍ ബൈക്കുകളില്‍ നല്‍കി തുടങ്ങിയ648 സി.സി. എന്‍ജിനാണ് ക്ലാസിക്ക് 650-യിലുമുള്ളത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എ.ബി.എസുമാണ് ഈ ബൈക്കില്‍ സുരക്ഷ കാര്യക്ഷമാക്കുന്നത്.

Content Highlights: Royal Enfield Classic gets a 650cc engine upgrade- Launching soon in India