650CC എന്‍ജിന്‍ കരുത്തില്‍ ഇനി ക്ലാസിക്കും പറപറക്കും; പുതിയ മോഡല്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയിലെ മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമായ റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി എന്‍ജിന്‍ മോഡലുകളുടെ നിര കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. കോണ്ടിനെന്റല്‍ ജി.ടി, ഇന്റര്‍സെപ്റ്റര്‍ എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡ് 650 സിസി മോഡലുകളുടെ നിരയിലേക്ക് പോപ്പുലര്‍ മോഡലായ ക്ലാസിക്കിന്റെ പേരും എഴുതി ചേര്‍ത്തിരിക്കുകയാണ് ഈ വാഹനനിര്‍മാതാക്കള്‍.
പ്രഖ്യാപനവും പ്രദര്‍ശനവും കഴിഞ്ഞുള്ള മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ക്ലാസിക് 650 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹോട്ട്‌റോഡ്, ക്ലാസിക്, ക്രോം എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ക്ലാസിക് 650-ന് യഥാക്രമം 3.37 ലക്ഷം, 3.41 ലക്ഷം, 3.50 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വിലകള്‍. വല്ലം റെഡ്, ബ്രാന്റിങ് തോര്‍പ്പ് ബ്ലൂ, ടീല്‍, ബ്ലാക്ക് ക്രോം എന്നീ നാല് നിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ ക്ലാസിക് 650 പുറത്തിറങ്ങുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് 650 മോഡലുകളില്‍ കരുത്തേകുന്ന 648 സിസി എന്‍ജിനാണ് ക്ലാസിക്ക് 650-യിലും നല്‍കിയിരിക്കുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എ.ബി.എസും ക്ലാസിക് 650-യിലെ സുരക്ഷ കാര്യക്ഷമമാക്കും.
ക്ലാസിക് 350-യില്‍ കടംകൊണ്ട ഡിസൈനില്‍ തന്നെയാണ് 650 സി.സി. മോഡലും ഒരുങ്ങിയിരിക്കുന്നത്. റൗണ്ട് എല്‍ഇഡി. ഹെഡ്ലാമ്പ്, സിഗ്നേച്ചര്‍ ടൈഗര്‍ ഐസ് ലൈറ്റുകള്‍, ടിയര്‍ഡ്രോപ്പ് ഷേപ്പ് ഫ്യുവല്‍ ടാങ്ക്, റൗണ്ട് ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ സീറ്റ്, ഡ്യുവല്‍ പീഷൂട്ടര്‍ എക്സ്ഹോസ്റ്റ്, ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യുവല്‍ ഇന്റിക്കേറ്റര്‍ എന്നിവ നല്‍കിയിട്ടുള്ള ഡിജിറ്റല്‍ എല്‍സിഡി സ്‌ക്രീന്‍, അഴിച്ചുമാറ്റാന്‍ കഴിയുന്ന പിന്നിലെ സീറ്റും സബ്‌ഫ്രെയിം തുടങ്ങിയവയാണ് ഈ വാഹനത്തിലുള്ളത്.
ക്ലാസിക് 650-യുടെ മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ള സ്പോക്ക് വീലും പിന്നില്‍ 18 ഇഞ്ച് വലിപ്പമുള്ള ടയറുകളുമാണ് നല്‍കുന്നത്. സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിം അടിസ്ഥാനമൊരുക്കുന്ന ഈ ബൈക്കിന് 2250 എംഎം നീളവും 892 എംഎം വീതിയം 1137 എംഎം ഉയരത്തിനുമൊപ്പം 154 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 800 എം.എം. സീറ്റ് ഹൈറ്റുമാണ് നല്‍കിയിരിക്കുന്നത്. 243 കിലോഗ്രാമാണ് ആകെ ഭാരം. 14.7 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
Content Highlights: Royal Enfield Classic 650 launched with 648cc engine, 47bhp power, 3 variants & 4 colors.