മാർപ്പാപ്പ കയ്യൊപ്പിട്ട BMW ബൈക്ക് ലേലത്തിൽ പോയത് 1.32 കോടിക്ക്; ആ പണംകൊണ്ട് കുഞ്ഞുങ്ങൾ ജീവിക്കും

ലിയോ പതിനാലാമൻ മാർപ്പാപ്പ ഒപ്പിട്ട ബിഎംഡബ്ല്യു R18 ട്രാൻസ്കോണ്ടിനെൻ്റൽ മോട്ടോർസൈക്കിൾ 130,000 യൂറോയ്ക്ക് (ഏകദേശം 1.32 കോടി രൂപ) വിറ്റതായി റിപ്പോർട്ട്. ജർമനിയിലെ മ്യൂണിക്കിൽ ആർഎം സോത്ത്ബൈസ് നടത്തിയ ലേലത്തിലാണ് വാഹനം വിറ്റുപോയത്.

ലേലത്തിൽനിന്ന് ലഭിക്കുന്ന മുഴുവൻ തുകയും മഡഗാസ്കറിലെ കുട്ടികളുടെ സഹായ പദ്ധതികൾക്കായി സംഭാവന ചെയ്യും. ലേലത്തെ സംബന്ധിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് സെപ്റ്റംബറിൽ അറിയിച്ചിരുന്നു.

മാർപ്പാപ്പയ്ക്കായി പ്രത്യേകം നിർമിച്ച മോഡലാണിത്. വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ചടങ്ങിലായിരുന്നു ബൈക്ക് മാർപ്പാപ്പയ്ക്ക് സമ്മാനിച്ചത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ സിഇഒ മാർക്കസ് ഫ്ലാഷിനാണ് വാഹനം ഡെലിവറി സ്വീകരിച്ചത്.

പിന്നീട്, ബിഎംഡബ്ല്യു മോട്ടോറാഡ് ജർമനി തലവൻ മൈക്കിൾ സോമർ മാർപ്പാപ്പയ്ക്ക് ബൈക്ക് കൈമാറുകയായിരുന്നു. വാഹനത്തിൽ അന്ന് പാപ്പ കയ്യൊപ്പും ചാർത്തിയിരുന്നു. മാർപ്പാപ്പ അംഗീകരിക്കുകയും ആശീർവദിക്കുകയും ചെയ്തതിലൂടെ ഒരു സാധാരണ ആർ 18 ട്രാൻസ് കോണ്ടിനെന്റലിന് അപ്പുറമുള്ള മാനം സ്വാഭാവികമായും വാഹനത്തിന് ലഭിച്ചിരുന്നു.

R18 ട്രാൻസ് കോണ്ടിനെന്റൽ

മാർപ്പാപ്പയ്ക്ക് സമ്മാനിച്ച, ഇപ്പോൾ ലേലത്തിൽ വിറ്റുപോയ ഈ ബിഎംഡബ്ല്യു ബൈക്ക് മറ്റേതൊരു ആർ 18 ട്രാൻസ് കോണ്ടിനെന്റലിനും സമാനമാണ്. 91 എച്ച്പി കരുത്തും 158 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1802 സിസി എയർ/ഓയിൽ കൂൾഡ് ബോക്സർ ട്വിൻ എൻജിനാണ് ഇതിലുള്ളത്.

ആർ 18 ട്രാൻസ് കോണ്ടിനെന്റലിന്റെ ഇന്ത്യയിലെ പ്രാരംഭ വില ഏകദേശം 32.50 ലക്ഷം രൂപയും യുഎസ്സിൽ 24,395 ഡോളറുമാണ് (ഏകദേശം 21.53 ലക്ഷം രൂപ).

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള 10.25 ഇഞ്ച് ടിഎഫ്ടി കളർ സ്ക്രീൻ വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. ഇന്ധനത്തിന്റെ അളവ്, വേഗത, എൻജിൻ റെവ്സ്, പവർ റിസർവ് എന്നിവ പ്രദർശിപ്പിക്കുന്ന നാല് അനലോഗ് ഡയലുകളും ഇതിലുണ്ട്.

ഡൈനാമിക് ക്രൂയിസ് കൺട്രോൾ, കോർണറിങ് ഹെഡ്‌ലാമ്പുകൾ, കീലെസ് ഇഗ്നിഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, 'റോക്ക്', 'റോൾ' എന്ന് പേരിട്ടിരിക്കുന്ന റൈഡ് മോഡുകൾ എന്നിവയും ഉണ്ട്.

Content Highlights: Pope Leo XIV`s signed BMW R18 Transcontinental motorcycle sold for €130,000 at auction in Munich, with proceeds benefiting children`s aid projects in Madagascar.